ശാരദയും മകൻ ഗണേഷും 

കുട്ടികളെ കടത്തുകാരാക്കും, പൊലീസിനെ വിദഗ്ധമായി കബളിപ്പിക്കും; വസായിലെ 'കഞ്ചാവ് റാണി'യായി ശാരദ

മഹാരാഷ്ട്രയിലെ നലസൊപാര ഈസ്റ്റിലെ പൊലീസുകാർക്ക് ഏറെക്കാലമായി തലവേദനയാണ് ശാരദ ഗോപി ബഞ്ജാറ എന്ന സ്ത്രീ. മദ്യക്കടത്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവിൽപ്പനയുമാണ് ഇവരുടെ പ്രധാന പരിപാടി. രണ്ട് ഡസനോളം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഇവരുടെ ഭർത്താവിനും രണ്ട് കുട്ടികൾക്കുമെതിരെയും കേസുണ്ട്. ചെറു ചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്ന ശാരദ 'കഞ്ചാവ് റാണി' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇവരെ തെളിവുകളോടെ പിടികൂടാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.

ശാരദയുടെ ഭർത്താവ് ഗോപി ടാക്സി ഡ്രൈവറാണ്. നാസിക്കിൽ നിന്ന് ഇയാളാണ് കഞ്ചാവ് മൊത്തമായി ശാരദക്ക് എത്തിച്ചുനൽകിയിരുന്നത്. ഇവർ ഇത് ചെറുപാക്കറ്റുകളിലാക്കി മാറ്റും. കുട്ടികളെയാണ് പ്രധാനമായും കാരിയർമാരായി ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ശാരദയെ പിടികൂടൽ പൊലീസിന് പലപ്പോഴും പ്രയാസകരമായി.

അടിവസ്ത്രത്തിൽ കഞ്ചാവ് ഒളിപ്പിക്കുന്നതും ഇവരുടെ രീതിയാണ്. പൊലീസുകാരുടെ കൂട്ടത്തിൽ വനിത പൊലീസുകാർ പലപ്പോഴും ഉണ്ടായിരിക്കില്ല. അതിനാൽ തന്നെ സംശയകരമായ സാഹചര്യത്തിൽ ശാരദയെ കണ്ടാലും പരിശോധന നടത്താൻ പറ്റാത്ത സാഹചര്യമായിരുന്നു.

ശാരദക്ക് രണ്ട് കുട്ടികളാണുള്ളത്. ഗണേഷും കൃഷ്ണയും. ചെറുപ്പം മുതൽക്കേ ഇരുവരും കഞ്ചാവ് കടത്തുകാരായിരുന്നു. മൂത്തയാൾക്ക് ഇപ്പോൾ 22 വയസ്സുണ്ട്. 15 ഗ്രാം വരുന്ന ചെറിയ കഞ്ചാവ് പാക്കറ്റ് 300 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ദിവസവും രണ്ട് കിലോഗ്രാം വരെ കഞ്ചാവാണ് വസായി താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ ശാരദയുടെ നേതൃത്വത്തിൽ വിൽക്കുന്നത് -പൊലീസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ഈ കഞ്ചാവ് കുടുംബം തങ്ങൾക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണെന്ന് പൊലീസ് പറയുന്നു. ശാരദയുടെ മകൻ ഗണേഷിനെ ജില്ലയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. വീട്ടിലെത്തിയാൾ പിടികൂടാനായി എല്ലാ ദിവസവും ഇവരുടെ വീട്ടിൽ രാത്രി നിരീക്ഷണമുണ്ട്.

പ്രായപൂർത്തിയാകാത്തവരെ കഞ്ചാവ് കാരിയർമാരായി ഉപയോഗിക്കുന്നതാണ് പൊലീസിനെ വട്ടംചുറ്റിക്കുന്നത്. ഈ കുട്ടികളെ കസ്റ്റഡിയിലെടുത്ത് കോടതിയിലെത്തിച്ചാൽ കോടതിയുടെ രോഷം തങ്ങൾക്ക് നേരെയായിരിക്കുമെന്ന് പൊലീസ് പറയുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ശാരദയെ കൈയോടെ പിടികൂടാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് പൊലീസ് പറയുന്നു. 

Tags:    
News Summary - How Vasai’s narco queen uses kiddie peddlers as shields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.