ട്രെയിനിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുണ്ടോ? എങ്ങനെ പ്രതികരിക്കാം
ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ വിതരണം ചെയ്യുന്ന ഭക്ഷണ പാനീയങ്ങൾക്ക് നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്തതുമൂലം ചോദിക്കുന്ന വില കൊടുത്ത് അത് വാങ്ങി കഴിക്കുകയാണ് യാത്രക്കാർ സാധാരണ ചെയ്യുന്നത്. എന്നാൽ യാത്രക്കാരുടെ അവകാശ സംരക്ഷണത്തിനായി ഇന്ത്യന്‍ റെയിൽവേയും ഐ.ആർ.സി.ടി.സിയും വ്യക്തമായ നിയമങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
ഐ.ആർ.സി.ടി.സി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ട്രെയിനിലെ എല്ലാ ഭക്ഷണപാനീയങ്ങളും അംഗീകരിച്ച നിശ്ചിത നിരക്കിൽ മാത്രമേ വിൽക്കാൻ പാടുള്ളൂ. മെനുവിൽ രേഖപ്പെടുത്തിയിട്ടുള്ള തുകയേക്കാൾ കൂടുതൽ ഈടാക്കാൻ വിൽപ്പനക്കാർക്ക് അനുവാദമില്ല. ഏതെങ്കിലും വിൽപ്പനക്കാരൻ അധിക പണം ആവശ്യപ്പെടുന്നത് നിയമലംഘനമായി കണക്കാക്കും.
രജിസ്റ്റർ ചെയ്ത ഓരോ വിൽപ്പനക്കാരനും കൈവശം മെനു കാർഡ് കരുതേണ്ടത് നിർബന്ധമാണ്. ഇതിൽ ഓരോ ഭക്ഷണപാനീയത്തിന്റെയും വില വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. മെനു കാർഡ് കാണിക്കാൻ വിൽപ്പനക്കാരൻ വിസമ്മതിക്കുന്നത് നിയമവിരുദ്ധമാണ്.
യാത്രക്കാർ ചെയ്യേണ്ടത്...
ട്രെയിനിൽ നിന്ന് എന്ത് വാങ്ങിയാലും ബിൽ എപ്പോഴും ചോദിച്ച് വാങ്ങാൻ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കുക. വാങ്ങിയ സാധനം, അതിന്റെ വില, തീയതി എന്നിവ ബില്ലിൽ ഉണ്ടായിരിക്കും. പിന്നീട് ഒരു പരാതി നൽകേണ്ടി വന്നാൽ ഈ ബിൽ പ്രധാന തെളിവായി ഉപയോഗിക്കാം. ബില്ലിലില്ലാത്ത പണം നൽകുകയുമരുത്. മെനു നോക്കി വില പരിശോധിക്കുക. അമിതവില ആവശ്യപ്പെട്ടാൽ അപ്പോൾ തന്നെ ചോദ്യം ചെയ്യുക. ഒട്ടും വൈകാതെ പരാതി നൽകുക.
പരാതി നൽകേണ്ടത് എങ്ങനെ?
- വിൽപ്പനക്കാരൻ അധിക പണം ആവശ്യപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുകയോ എസ്.എം.എസ് അയക്കുകയോ ചെയ്യാം.
- ട്രെയിനിലുള്ള ടി.ടി.ഇയെയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കാം.
- പരാതി നൽകുമ്പോൾ നിങ്ങളുടെ പി.എൻ.ആർ നമ്പർ, കോച്ച് നമ്പർ, സീറ്റ് നമ്പർ, സംഭവം നടന്ന സമയം എന്നിവ നൽകാൻ ശ്രദ്ധിക്കുക. ഇത് വേഗത്തിലുള്ള നടപടിക്ക് സഹായിക്കും.
കുറ്റം തെളിയിക്കപ്പെട്ടാൽ...
- അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ വിൽപ്പനക്കാരന് പിഴ ചുമത്തും.
- അവരുടെ ലൈസൻസ് റദ്ദാക്കാനും ട്രെയിൻ സർവീസുകളിൽ നിന്ന് ഒഴിവാക്കാനും നിയമമുണ്ട്.
- പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അധികമായി ഈടാക്കിയ തുക റീഫണ്ട് ആയി ലഭിക്കുന്നതാണ്. അതുകൊണ്ട് എപ്പോഴും ബിൽ വാങ്ങാനും കൃത്യമായി പരാതിപ്പെടാനും ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.