‘മയക്കുമരുന്നല്ല, മകൾക്കുള്ള ഗുളിക’; ഐ.പി.എൽ മത്സരത്തിനിടെ ടി.വി.കെ മന്ത്രി നിരോധിത ലഹരി ഉപയോഗിച്ചെന്ന്, വിഡിയോ വൈറലായതോടെ പ്രതികരണവുമായി മന്ത്രി

ചെന്നൈ: തമിഴ്നാട്ടിലെ മാനവ വിഭവ ശേഷി മന്ത്രിയും മുതിർന്ന ടി.വി.കെ നേതാവുമായ ഡി. ശരത്കുമാർ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ലഹരി ഉപയോഗിച്ചതായി ആരോപണം. മത്സരത്തി​നിടെ പൊടി പോലുള്ള പദാർഥം ഉപയോഗിക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി മന്ത്രി രംഗത്തെത്തി. വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മയക്കുമരുന്നല്ല, തന്റെ കുട്ടിക്കുള്ള ​ഗുളികയാണെന്നും ശരത്കുമാർ വിശദീകരിച്ചു.

എന്നാൽ, മന്ത്രി ഉപയോഗിച്ചത് നിരോധിത ലഹരി മരുന്നാണെന്ന ആരോപണവുമായി ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിഡിയോ വൈറലായതോടെ ശരത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നെറ്റിസൺസും രംഗത്തെത്തി.

മത്സരം കാണാൻ സ്റ്റേഡിയത്തിലിരിക്കെ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. മന്ത്രി എ.ടി.എം കാർഡും 500 രൂപ നോട്ടും ഉപയോഗിച്ച് സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽവെച്ച് പൊടി പോലുള്ള വസ്തു പൊടിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ. സംസ്ഥാനത്ത് ഭരണകക്ഷിയായ ടി.വി.കെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ശരത് കുമാറിന്റെ വീഡിയോ വൈറലായത്. തുടർന്ന് വിവാദത്തിന് മറുപടിയായി ശരത് കുമാർ ഭാര്യക്കും മകൾക്കുമൊപ്പം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തിറക്കി. ആരോപണങ്ങൾ നിഷേധിക്കുകയും തന്റെ കുട്ടിക്ക് നൽകാനായി ഗുളിക പൊടിച്ചതാണെന്നും ശരത് കുമാർ പറഞ്ഞു.

‘ഇന്ന് രാവിലെ ഞാൻ ലഹരി വിരുദ്ധ കാമ്പയിൻ പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. അതി​നുശേഷം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചു. അതിൽ ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് ആരോപണം. രണ്ട് വർഷം മുമ്പാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഐ.പി.എൽ മാച്ച് കാണാൻ പോയത്. എന്റെ മകൾക്ക് മരുന്ന് നൽകണ​മായിരുന്നു. എന്നാൽ മുഴുവൻ ഗുളിക അവൾക്ക് വിഴുങ്ങാൻ കഴിയില്ലായിരുന്നു. തുടർന്ന് ഭാര്യ ആവശ്യപ്പെട്ട പ്രകാരം ഗുളിക പൊടിക്കുകയും വെള്ളത്തിൽ കലക്കി നൽകുകയുമായിരുന്നു. ഇതാണ് യഥാർഥത്തിൽ ഞാൻ ചെയ്തത്’ -ശരത് കുമാർ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

ആരോപണം തനിക്കും കുടുംബത്തിനും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയുള്ള സ്റ്റേഡിയത്തിൽ കുടുംബവും വലിയ ജനക്കൂട്ടവും നിറഞ്ഞിരിക്കെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മന്ത്രിയുടെ വിശദീകരണത്തെയും വിമർ​ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ലഹരി വിരുദ്ധത പ്രസംഗിക്കുന്ന വിജയിയുടെ പാർട്ടിയിലെ പ്രമുഖർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നായിരുന്നു ഡി.എം.കെ നേതാക്കളുടെ പ്രതികരണം. 

Tags:    
News Summary - TVK minister faces storm over viral drug video from IPL he says it was medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.