ന്യൂഡൽഹി: യമുന ബസാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയും കോർപറേഷനും നടത്തിയ പൊളിക്കൽ നടപടിയിൽ 300ലധികം കുടുംബങ്ങൾ പെരുവഴിയിൽ. ജൂൺ 25നാണ് യമുനാ നദീതീരത്തെ 32 ഘാട്ടുകൾക്ക് സമീപത്തെ താമസസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
ഈ പ്രദേശം യമുനയുടെ പ്രളയമേഖലയായ ഒ സോണിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് 310ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമാണ് അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തതെന്നും താമസക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി, മറ്റിടങ്ങളിലേക്ക് മാറാൻ നിർദേശിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ജൂലൈ നാലിനകം ഒഴിഞ്ഞുപോകണമെന്നാണ് കുടുംബങ്ങൾന്ന് നൽകിയ അവസാന നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, അനുവദിച്ച സമയം കഴിയുന്നതിന് മുമ്പേ തന്നെ ബുൾഡോസറുകളുമായെത്തി കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയായിരുന്നു.
തലമുറകളായി ഇവിടെ താമസിക്കുന്നവരാണ് ഇവിടത്തെ കുടുംബങ്ങൾ. ആവശ്യമായ പുനരധിവാസം ഒരുക്കാതെയാണ് ഒഴിപ്പിച്ചതെന്ന് കുടുംബങ്ങൾ ആരോപിച്ചു. ക്ഷേത്രച്ചടങ്ങുകളുമായി ബന്ധപ്പെട്ട പുരോഹിതർ, തോണി കടത്തുകാർ, പൂക്കൾ വിൽക്കുന്നവർ, ക്ഷൗര തൊഴിലാളികൾ തുടങ്ങി യമുനാ ഘാട്ടുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് കൂടുതലും. വീടുകൾ നഷ്ടമായതോടെ ജീവിതമാർഗവും നഷ്ടപ്പെട്ടതായി താമസക്കാർ പറയുന്നു. വർഷങ്ങളായി ഇവിടെ താമസിക്കുന്ന തങ്ങൾക്ക് വൈദ്യുതിയും വെള്ളവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയ സർക്കാർ, പെട്ടന്നൊരു ദിവസം തങ്ങൾ അനധികൃത കൈയേറ്റക്കാരാണെന്ന് ആരോപിച്ച് പുറത്താക്കുന്നത് എങ്ങനെയാണെന്ന് കുടുംബങ്ങൾ ചോദിച്ചു.
വീടുകൾ പൊളിക്കുന്നതിന് മുമ്പ് വൈദ്യുതിയും കുടിവെള്ള വിതരണവും വിച്ഛേദിച്ചിരുന്നുവെന്നും, പുനരധിവാസത്തിന് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നുമാണ് കുടുംബങ്ങളുടെ പരാതി. അതേസമയം, യമുനാ തീരത്തിന്റെ സംരക്ഷണത്തിനും പ്രളയസമതലം ഒഴിപ്പിക്കുന്നതിനുമുള്ള നിയമപരമായ നടപടിയുടെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് ഡി.ഡി.എ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.