ഗാന്ധിനഗർ: രാജ്യത്തെ ഗതാഗത മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി, സഹകരണ മാതൃകയിലുള്ള റൈഡ്-ഹെയ്‍ലിങ് പ്ലാറ്റ്‌ഫോമായ ‘ഭാരത് ടാക്സി’ക്ക് ഗുജറാത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. മറ്റ് സ്വകാര്യ ആപ്പുകൾ ഡ്രൈവർമാരെ ചൂഷണം ചെയ്യുകയാണെന്നും, അത്തരം ചൂഷണങ്ങൾ ഭാരത് ടാക്സിയിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.അമുൽ ഡയറി മോഡലിന്റെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സഹകരണ മാതൃക വിഭാവനം ചെയ്തിരിക്കുന്നത്.
ഈ സംരംഭത്തിൽ ഏഴ് ലക്ഷം ഡ്രൈവർമാർ ഇതിനകം ഓഹരി ഉടമകളായിക്കഴിഞ്ഞു. ഇത് അവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കും. ഡ്രൈവർമാരെ ‘സാരഥികൾ’ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
ട്രയൽ റണ്ണുകൾക്ക് ശേഷം അഹമ്മദാബാദ് വിമാനത്താവളം, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവരുമായി ചേർന്ന് പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ സേവനം ലഭ്യമാകും.
സ്വകാര്യ കമ്പനികൾ ലാഭവിഹിതം കൈക്കലാക്കുകയും ഡ്രൈവർമാരെ അകാരണമായി പുറത്താക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി അമിത് ഷാ കുറ്റപ്പെടുത്തി. ഉപഭോക്താക്കൾക്കും സേവനദാതാക്കൾക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന സംവിധാനമാണ് ഭാരത് ടാക്സിയുടേത്. ഭാരത് ടാക്സിയെ തകർക്കാൻ മറ്റ് ആപ്പുകൾ താൽക്കാലികമായി നിരക്ക് കുറക്കുന്ന തന്ത്രം പയറ്റുന്നുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഇത് ഭാരത് ടാക്സിയെ വിപണിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണ്.
എങ്കിലും, ഈ മത്സരത്തിൽ തളരില്ലെന്നും പദ്ധതി വിജയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.അമുൽ സ്വകാര്യ കുത്തകകളോട് മത്സരിച്ച് വിജയിച്ചത് പോലെ ഭാരത് ടാക്സിയും ചരിത്രം കുറിക്കും. ഈ സംരംഭം വിജയിപ്പിക്കേണ്ടത് സാരഥികളുടെയും പൊതുജനങ്ങളുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ പദ്ധതി, കോർപ്പറേറ്റ് ആപ്പുകൾക്ക് ശക്തമായ ബദലാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.