ന്യൂഡൽഹി: ഒരു വർഷം മാത്രം അകലെനിൽക്കുന്ന നിർണായക ലോക്സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയഗതിയുടെ ഉരകല്ലാകുകയാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയുടെയും രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിെൻറയും പൊതുതെരഞ്ഞെടുപ്പിലെ സാധ്യത എത്രയെന്ന് കർണാടക തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ വ്യക്തമാവും.
പ്രതിപക്ഷം ദുർബലമായതിനാൽ അനായാസം 2019 കടക്കാമെന്ന ബി.ജെ.പിയുടെ മനക്കോട്ട തകർന്നിട്ടുണ്ട്. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ ജയത്തിെൻറ ആവേശം വെള്ളമൊഴിച്ച് കെടുത്തിക്കളയുകയായിരുന്നു യു.പി ഉപതെരഞ്ഞെടുപ്പു ഫലം. അതിനു പിന്നാലെ, പ്രതിപക്ഷത്ത് െഎക്യസാധ്യത ദൃശ്യമാകുന്നു. എൻ.ഡി.എ സഖ്യത്തിലെ വിള്ളലും ബി.ജെ.പിയിലെ പടലപ്പിണക്കവും മറനീക്കുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിലാണ് കർണാടക തെരഞ്ഞെടുപ്പ്. കോൺഗ്രസും ബി.ജെ.പിയും ജനതാദൾ-എസും മാറ്റുരക്കുന്ന തെരഞ്ഞെടുപ്പിെൻറ അടിയൊഴുക്ക് വ്യക്തമാകാനുണ്ട്. എന്നാൽ, ഗുജറാത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചാരണരംഗം നിയന്ത്രിക്കുന്ന മറ്റൊരു തെരഞ്ഞെടുപ്പാണ് കർണാടകയിലേത്. മോദിയെ നേരിടാൻ രാഹുലിനുള്ള കഴിവിെൻറകൂടി ഉരകല്ലാകും കർണാടക.
വർഗീയ വിഷയങ്ങളും ഭരണപരമായ വിഷയവും ഒരേപോലെ ഉയർന്നുവരുന്നുണ്ട് കർണാടകയിൽ. രാഷ്ട്രീയ പാർട്ടികൾ ആറു മാസമായി കരുനീക്കം നടത്തിവരുകയാണ്.
കർണാടകയിൽ കോൺഗ്രസാണ് ജയിക്കുന്നതെങ്കിൽ, ബി.ജെ.പിയുടെ ഇറക്കത്തിന് വേഗം കൂടും. ബി.ജെ.പിയാണ് ജയിക്കുന്നതെങ്കിൽ ആത്മവിശ്വാസം വർധിക്കുന്നതിനൊപ്പം, പ്രതിപക്ഷനിരയിൽ മോദിയെ നേരിടാനുള്ള െഎക്യദാഹം ഏറും. കർണാടകക്കുശേഷം ഇൗ വർഷാവസാനം മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്.
അതിെൻറ ആഘാതം കുറക്കണമെങ്കിൽ കർണാടക പിടിച്ചേതീരൂ. അണികളിൽ ആത്മവിശ്വാസം നിലനിർത്താനുള്ള തെരഞ്ഞെടുപ്പാണ് കർണാടകയിലേത്. കോൺഗ്രസിനും അങ്ങനെതന്നെ.
സമ്മതിദായകർ 4.96 കോടി
ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും സമ്മതിദായകരുടെ എണ്ണത്തിൽ ഇത്തവണ ഒമ്പതു ശതമാനം വർധനവുണ്ടായതായി തെരഞ്ഞെടുപ്പ് കമീഷൻ. 4,96,82,351 ആണ് ഇത്തവണ സമ്മതിദായകരുടെ എണ്ണം. 2,52,05,820 പുരുഷന്മാരും 2,44,71,979 സ്ത്രീകളും 4552 ഭിന്നലിംഗക്കാരുമാണ്. ഭിന്നലിംഗക്കാരുടെയും യുവാക്കളുടെയും എണ്ണത്തിൽ പകുതിയിലേറെ വർധനവാണുണ്ടായത്. കഴിഞ്ഞതവണ 18-19 വയസ്സുള്ള 7.18 ലക്ഷം സമ്മതിദായകരാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ ഇവർക്ക് 15.42 ലക്ഷം വോട്ടുണ്ട്. പോളിങ് ശതമാനം 75 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിലയിരുത്തൽ. മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസഡർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.