ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അൽ ഫലാഹ് സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ്. ന്യൂനപക്ഷ പദവി പിൻവലിക്കാതിരിക്കാൻ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കീഷൻ (എൻ.സി.എം.ഇ.ഐ) ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിഷയത്തിൽ നോട്ടീസ് പുറപ്പെടുവിച്ചതായും ഡിസംബർ 4 ന് വാദം കേൾക്കുമെന്നും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ അറിയിച്ചു. റിപ്പോർട്ട് ആവശ്യപ്പെട്ട് ഹരിയാന സർവകലാശാല രജിസ്ട്രാർക്കും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജാവേദ് അഹ്മദ് സിദ്ദീഖിയുടെ തറവാട് വീട് പൊളിക്കാനുള്ള മിലിറ്ററി കന്റോൺമെന്റ് ബോർഡ് നീക്കം നടത്തിയത് മധ്യപ്രദേശ് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നാണ് ആരോപണം. അത് പൊളിച്ചുമാറ്റാൻ ഉടമക്ക് വെറും മൂന്നുദിവസത്തെ സമയമാണ് നോട്ടീസിൽ നൽകിയത്. ഇതിനുമുമ്പ് ഇതേ കെട്ടിടം പൊളിച്ചുമാറ്റാൻ 1996-97ലും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യത്തെ നോട്ടീസ് നൽകി 30 വർഷത്തിനുശേഷം വീണ്ടും നോട്ടീസ് നൽകുമ്പോൾ ഹരജിക്കാരന്റെ ഭാഗം കേൾക്കാനുള്ള അവസരം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
നവംബർ 10നായിരുന്നു 15 പേരുടെ മരണത്തിന് ഇടയാക്കിയ ചെങ്കോട്ട സ്ഫോടനം. അൽ ഫലാഹ് സർവകലാശാലയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയിരുന്നു. ഡൽഹി ഓഖ്ലയിലുള്ള അൽ ഫലാഹ് ട്രസ്റ്റിന്റെ ഓഫിസിലും സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരുടെ ഓഫിസുകളിലും ഉൾപ്പെടെ തലസ്ഥാനത്തെ 25 സ്ഥലങ്ങളിലുമായിരുന്നു റെയ്ഡ്. അനധികൃത പണമിടപാട് നിരോധന നിയമത്തിന് കീഴിൽ സർവകലാശാലക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.