ന്യൂഡൽഹി: സാമ്പത്തിക ഞെരുക്കത്തിന്റെ സൂചന നൽകി ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യതയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഡിസംബറോടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 40 ശതമാനമായാണ് കടം വർധിച്ചത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. അതേസമയം, സമ്പാദ്യത്തിൽ വൻ ഇടിവ് സംഭവിക്കുകയും ചെയ്തു. ജി.ഡി.പിയുടെ അഞ്ച് ശതമാനമായാണ് സമ്പാദ്യം കുറഞ്ഞത്. ഇത് എക്കാലത്തെയും കുറഞ്ഞ നിരക്കാണ്. പ്രമുഖ ധനകാര്യ സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2022-23 സാമ്പത്തിക വർഷം കുടുംബ സമ്പാദ്യം ജി.ഡി.പിയുടെ 5.1 ശതമാനമായി കുറഞ്ഞതായി കഴിഞ്ഞ സെപ്റ്റംബറിൽ റിസർവ് ബാങ്ക് കണക്കാക്കിയിരുന്നു. 47 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. റിസർവ് ബാങ്ക് റിപ്പോർട്ടിനെത്തുടർന്ന് കേന്ദ്ര ധനമന്ത്രാലയം വ്യാപകമായ വിമർശനം നേരിട്ടിരുന്നു. വീടുകളും വാഹനങ്ങളും വാങ്ങാൻ കുടുംബങ്ങൾ കൂടുതലായി ബാങ്ക് വായ്പ എടുക്കുന്നതുകൊണ്ടാണ് നിക്ഷേപം കുറയുന്നതെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഇത് ഞെരുക്കത്തിന്റെ സൂചനയല്ലെന്നും ഭാവി തൊഴിലിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള ശുഭപ്രതീക്ഷയുടെ അടയാളമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷത്തെ പുതുക്കിയ ദേശീയ വരുമാന അനുമാനത്തിൽ കുടുംബങ്ങളുടെ സമ്പാദ്യം ജി.ഡി.പിയുടെ 5.6 ശതമാനമായി ഉയർത്തിയിരുന്നു. ഇതും 47 വർഷത്തെ കുറഞ്ഞ നിരക്കാണ്. 2011-12 മുതൽ 2019-20 വരെയുള്ള ശരാശരി സമ്പാദ്യമായ 7.6 ശതമാനത്തിലും കുറവാണിത്. പുതുക്കിയ എസ്റ്റിമേറ്റിൽ കുടുംബ കടബാധ്യത ജി.ഡി.പിയുടെ 38 ശതമാനമായി ഉയർത്തി. 2020-21 വർഷത്തെ 39.1 ശതമാനമാണ് ഇതിന് മുമ്പത്തെ ഉയർന്ന നിരക്ക്.
കുടുംബ കടബാധ്യതയിൽ ഏറ്റവുമധികം പങ്കുവഹിക്കുന്നത് ഈടില്ലാതെ ലഭിക്കുന്ന വ്യക്തിഗത വായ്പകളാണ്. ഈടുള്ള വായ്പകൾ, കാർഷിക വായ്പകൾ, ബിസിനസ് വായ്പകൾ എന്നിവയാണ് തൊട്ടുപിന്നിലുള്ളതെന്ന് മോത്തിലാൽ ഓസ്വാൾ ഗവേഷണ വിദഗ്ധരായ നിഖിൽ ഗുപ്തയും തനിഷ ലാധയും പറഞ്ഞു.
അതേസമയം, റിപ്പോർട്ടിന് പിന്നാലെ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ശമ്പള വർധനയില്ലാത്തതും ഉയർന്ന പണപ്പെരുപ്പവുമാണ് വായ്പയെടുക്കാൻ കുടുംബങ്ങളെ നിർബന്ധിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
സർക്കാറിന്റെ പരാജയങ്ങൾക്കുള്ള കോൺഗ്രസിന്റെ മറുപടിയാണ് പ്രകടന പത്രികയായ ന്യായ് പത്ര. അപായ മണി മുഴങ്ങുന്നത് മോദി കേൾക്കുന്നില്ല. അദ്ദേഹത്തിന്റെ ഭരണത്തിനുകീഴിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഗ്രാമീണ ദുരിതങ്ങളുമാണ് രാജ്യം നേരിടുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.