ന്യൂഡൽഹി: 2014 ജനുവരി മൂന്നിന് പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ അവസാന വാർത്താസമ്മേളനത്തിൽ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വിയോഗാനന്തരം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
സമകാലിക മാധ്യമങ്ങളെക്കാളും പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളേക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ സത്യസന്ധമായി വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ദുർബലനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന രീതിയിലെ ചോദ്യത്തോടാണ് അദ്ദേഹം പുഞ്ചിരിയോടെ ഇത്തരത്തിൽ മറുപടി നൽകിയത്.
മന്ത്രിസഭ യോഗത്തിലെ എല്ലാ കാര്യങ്ങളും തനിക്ക് പുറത്തുപറയാൻ കഴിയില്ലെന്നും സഖ്യ രാഷ്ട്രീയത്തിന്റെ നിർബന്ധിതാവസ്ഥ കണക്കിലെടുത്തത് കഴിയുന്നത്ര മികച്ച രീതിയിൽ എല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കാനുള്ള ശ്രമത്തോട് കൂടുതലായി അദ്ദേഹം പ്രതികരിക്കാൻ നിന്നില്ല.
സൗമ്യത വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കണ്ട അദ്ദേഹം വാക്കുകൾ കൊണ്ട് ഒന്നും തെളിയിക്കാൻ ശ്രമിച്ചില്ല. ഭരണമൊഴിഞ്ഞ ശേഷം മൻമോഹൻ സിങ്ങിന്റെ മഹത്വം ആളുകൾ കൂടുതൽ ചർച്ച ചെയ്തുതുടങ്ങി. അവസാന വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ശരിവെച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളായാണ് ചരിത്രം ഡോ. മൻമോഹൻ സിങ്ങിനെ അടയാളപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.