"പ്രകോപനമില്ലാതെ പാഞ്ഞെത്തി, ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു, മർദിച്ചു"; മുസ്ലിങ്ങൾക്കെതിരെ അക്രമം തുടർന്ന് ഹിന്ദുത്വവാദികൾ

മുംബൈ: മഹാരാഷ്ട്രയിൽ രണ്ടിടങ്ങളിലായി ഹിന്ദുത്വവാദികളുടെ ആക്രമണത്തിൽ മുസ്ലിം യുവാക്കൾക്ക് പരിക്ക്. പ്രഭാനി ശിവജി കോളേജ് പോളിടെക്നിക് വിദ്യാർഥി ഇർഫാൻ പത്താൻ(19), പഴ വ്യാപാരിയായ സയ്യദ് മുദഷീർ (18) എന്നിവർക്കാണ് പരിക്കേറ്റത്.

രാജ​ഗോപാലാചാരി ​പാർക്കിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഇർഫാനെ സംഘം ആക്രമിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ഇർഫാനരികിലേക്ക് ഓടിയെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യം സംഘം തന്റെ മുഖത്തടിച്ചെന്നും പിന്നാലെ ചവിട്ടുകയും മർദിക്കുകയുമായിരുന്നുവെന്ന് ഇർഫാൻ പറയുന്നു. മർദനത്തിനിടെ തന്നെ ജയ്ശ്രീറാം വിളിക്കാൻ സംഘം നിർബന്ധിച്ചെന്നും ഇത് നിരസിച്ചതോടെ മർദനം രൂക്ഷമായെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

ഇർഫാന്റെ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനും ഇടപെട്ടതോടെയാണ് സംഘം മടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭയന്ന താൻ പരാതി നൽകാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഇർഫാൻ പറയുന്നു. മർദിച്ചവരുടെ മുഖം ഓർമയില്ലെന്നും പാർക്കിലേക്ക് നടക്കുന്നതിനിടെ തന്റെ അയൽവാസിയായ അനികേത് എന്ന യുവാവ് തന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ തിരക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇർഫാനെ ആക്രമിച്ചതിന് പിന്നാലെ സ്ഥലം വിട്ട സംഘം തന്നെയാണ് പഴക്കച്ചവടക്കാരനായ സയ്യദ് എന്ന യുവാവിനെയും മർദിച്ചത്. വഴിയരികിൽ കച്ചവടം നടത്തുകയായിരുന്ന യുവാവിനരികിലേക്ക് പാഞ്ഞെത്തിയ സംഘം യുവാവിന്റെ വണ്ടി മറിച്ചിടുകയും ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. സംഘത്തിന്റെ ആക്രമണത്തിൽ 23,000 രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. വസ്മത് റോഡ് പ്രദേശത്ത് വ്യാപാരം നടത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സയ്യദ് കൂട്ടിച്ചേർത്തു.  

Tags:    
News Summary - HIndutva Groups continues attack against Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.