ബംഗളൂരു: കർണാടകയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം തുടരുന്നു. വീട്ടിൽ ക്രിസ്മസ് ആഘോഷിക്കുന്നത് തടഞ്ഞതാണ് ഒടുവിലത്തെ സംഭവം. വീട്ടിലേക്ക് ഇരച്ചെത്തിയ ആളുകളോട് സ്ത്രീകൾ വഴക്കിടുന്നതിന്‍റെയും ഇറങ്ങിപ്പോകാൻ പറയുന്നതിന്‍റെയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ക്രിസ്മസ് കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ചൊവ്വാഴ്ച തുംകൂരിലാണ് സംഭവം. ഒ.ബി.സി സമുദായത്തിൽ നിന്നുള്ള കുടുംബത്തിന്‍റെ വീട്ടിലേക്കാണ് ഒരുകൂട്ടം ബജ്റംഗ് ദൾ പ്രവർത്തകർ അതിക്രമിച്ചു കയറിയത്.
എന്തുകൊണ്ടാണ് കുടുംബം ക്രിസ്മസ് ആഘോഷിക്കുന്നതെന്നും ഹിന്ദു സ്ത്രീകൾ ചെയ്യുന്നതുപോലെ സിന്ദൂരം ചാർത്താത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. 'നിങ്ങൾ എന്തിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്?' കൂട്ടത്തിലുള്ള ഒരാൾ ചോദിക്കുന്നത് വിഡിയോയിൽ കാണാം. എന്തുകൊണ്ടാണ് കുടുംബത്തിലെ ചിലർ ക്രിസ്റ്റാനിറ്റിയിലേക്ക് പരിവർത്തനം ചെയ്തതെന്നും അയാൾ ചോദിക്കുന്നുണ്ട്.
എന്നാൽ, മതപരിവർത്തന ആരോപണം നിഷേധിക്കുന്ന സ്ത്രീകൾ, ആരോട് പ്രാർത്ഥിക്കണമെന്നത് ഞങ്ങളുടെ അവകാശമാണെന്ന് ഹിന്ദുത്വ തീവ്രവാദികളോട് പറയുന്നുണ്ട്. 'ഞങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ഞാൻ മംഗളസൂത്രം ഊരി മാറ്റിവെയ്ക്കാം' -സ്ത്രീകളിൽ ഒരാൾ പറഞ്ഞു. സംഘത്തോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനും ഇവർ ആവശ്യപ്പെട്ടു.
തർക്കം അൽപനേരം നീണ്ടുനിന്നെങ്കിലും ഒടുവിൽ പൊലീസിനെ വിളിച്ചതോടെയാണ് തർക്കം അടങ്ങിയത്. അതേസമയം, ഇവർ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. കുടുംബത്തിലെ ചില അംഗങ്ങൾ വർഷങ്ങളായി ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
മതപരമായ അസഹിഷ്ണുത കർണാടകയിൽ വർധിച്ചുവരികയാണ്. ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത് കുറവാണ്. ഇത് ഇത്തരം സംഘങ്ങൾക്ക് കൂടുതൽ പ്രേരണയാവുന്നു. കൂടാതെ മതപരിവർത്തനം നിരോധിച്ചുള്ള ബില്ലും കർണാടക നിയമസഭ പാസാക്കിയിരുന്നു.
കഴിഞ്ഞദിവസം ക്രിസ്മസ് ആഘോഷത്തിനിടെ മാംസം വിളമ്പിയെന്ന് ആരോപിച്ച് കർണാടകയിൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, പിന്നീട് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ഉത്തരവ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.