വർഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്തു; യു.പിയിൽ ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ

ആഗ്ര: രാമനവമി ദിനത്തിൽ ആഗ്രയിൽ വർഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തിൽ തീവ്ര ഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാലു പ്രവർത്തകരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു.

ആഗ്രയിലെ എത്മദുദ്ദൗലയിലെ ഗൗതം നഗറിൽ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ടാണ് വർഗീയ കലാപത്തിന് പദ്ധതിയിട്ടത്. പശുവിനെ അറുത്തശേഷം നാലു മുസ്ലിം യുവാക്കൾക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ മുസ്ലിം യുവാക്കൾക്കെതിരായ പരാതി വ്യാജമാണെന്നും പിന്നിൽ വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും കണ്ടെത്തി.

ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ജാട്ടാണ് പ്രധാന സൂത്രധാരൻ. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അനുയായികളും മെഹ്താബ് ബാഗിൽ മാർച്ച് 29ന് രാത്രി പശുവിനെ അറുക്കുകയായിരുന്നു. പിന്നാലെ പാർട്ടി പ്രവർത്തകൻ ജിതേന്ദ്ര കുശ്വാഹയോട് പൊലീസിൽ പരാതി നൽകാൻ നിർദേശം നൽകി. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.

മുഹമ്മദ് റിസ്വാൻ, മുഹമ്മദ് നകീം, മുഹമ്മദ് ഷാനു, ഇമ്രാൻ ഖുറൈശി എന്നിവരെ പ്രതി ചേർത്താണ് പൊലീസിൽ പരാതി നൽകിയത്. തൊട്ടടുത്ത ദിവസം ഇമ്രാനെയും ഷാനുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. കേസിൽ ഇവർക്ക് പങ്കില്ലെന്നും വ്യാജ പരാതിയിലൂടെ വർഗീയ കലാപമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആഗ്ര ചത്ത മേഖലയിലെ അഡീഷണൽ പൊലീസ് കമീഷണർ ആർ.കെ. സിങ് വെളിപ്പെടുത്തി.

ഗൂഢാലോചനയിൽ നിരവധി പ്രവർത്തകർക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

Tags:    
News Summary - Hindu Mahasabha workers slaughtered cows to cause communal violence, says UP Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.