ഹിജാബ് നിരോധനം: കർണാടകയിൽ സ്കൂളുകൾ ഇന്ന് തുറക്കും, ഉഡുപ്പിയിൽ നിരോധനാജ്ഞ

ബംഗളൂരു: ഹിജാബ് നിരോധന വിവാദത്തെ തുടർന്ന് അഞ്ച് ദിവസമായി അടഞ്ഞുകിടക്കുന്ന കർണാടകയിലെ സ്കൂളുകൾ ഇന്ന് തുറക്കും. ശക്തമായ സുരക്ഷയൊരുക്കിയാണ് സ്കൂളുകൾ തുറക്കുക. ഹിജാബിനെതിരെ ഹിന്ദുത്വവാദികൾ കനത്ത പ്രതിഷേധമുയർത്തിയ ഉഡുപ്പിയിൽ സ്കൂൾ പരിസരങ്ങളിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിജാബ് നിരോധനത്തിനെതിരായ ഹരജിയിൽ കർണാടക ഹൈകോടതിയിൽ ഇന്ന് വാദം തുടരാനിരിക്കെ, ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിഷയം ഉയർത്താനൊരുങ്ങുകയാണ് പ്രതിപക്ഷം. അതേസമയം, കോളജുകൾ 16 വരെ അടഞ്ഞുകിടക്കും. 

ഹിജാബ് നിരോധന വിവാദത്തിന്‍റെ പ്രഭവകേന്ദ്രമായ ഉഡുപ്പിയിൽ ഞായറാഴ്ച വൈകീട്ട് സർവകക്ഷി സമാധാന യോഗം ചേർന്നിരുന്നു. പ്രത്യേക യൂണിഫോം നിഷ്കർഷിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഹിജാബ് ധരിക്കാമെന്ന തീരുമാനത്തിലാണ് യോഗം എത്തിയത്. യൂണിഫോം നിഷ്കർഷിച്ചിട്ടുള്ള സ്കൂളുകളിൽ മതപരമായ വസ്ത്രങ്ങൾ ധരിച്ച് ക്ലാസിലേക്ക് വരരുതെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് കർണാടകയില്‍ പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ കോളജുകള്‍ ഹിജാബിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു.

ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാർഥിനി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി.വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാർഥിനികൾ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. കർണാടക ഹൈകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈകോടതിയുടെ വിശാല ബെഞ്ചില്‍ ഇന്ന് വാദം തുടരും. 

Tags:    
News Summary - hijab ban karnataka schools to reopen today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.