ഹേമ കമ്മിറ്റി: സുപ്രീംകോടതിയെ സമീപിച്ച നടിക്ക്‌ രഹസ്യമൊഴി നൽകാൻ ഹാജരാകാൻ നോട്ടീസ്

ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടിയോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നല്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്നാണ് നോട്ടീസ്. പൊലീസാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചത് എന്നാണ് സൂചന.

നോട്ടീസിന്റെ പകർപ്പ് താരത്തിന്റെ അഭിഭാഷകൻ ഇന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് കൈമാറി. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചിരുന്നുവെന്നും ഇത് കണക്കിലെടുക്കാതെയാണ് രഹസ്യമൊഴി നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിയിച്ചു.

അതേസമയം ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള ഹൈകോടതി വിധിക്ക് എതിരായ ഹരജികളിൽ ഉത്തരവ് ഇന്നിറക്കും എന്നായിരുന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് കോടതി ഉത്തരവ് ഇറക്കിയില്ല.

Tags:    
News Summary - Hema Committee: Notice to the actress who approached the Supreme Court to appear to give a secret statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.