റോഡ് ഷോക്കിടെ മരണം: ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമർശിച്ച് ജഗൻ മോഹൻ റെഡ്ഢി, ഫോട്ടോ ഷൂട്ടിന് വേണ്ടി എട്ടുപേരെ കൊന്നു​

നാർസിപട്ടണം: തെലുഗു ദേശം പാർട്ടിയുടെ റോഡ് ഷോക്കിടെ അഴുക്കുചാലിൽ വീണ് എട്ട് പേർ മരിച്ചസംഭവത്തിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമർശിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മേഹൻ റെഡ്ഢി. ആന്ധ്രയിലെ നെല്ലൂരിലാണ് അപകടമുണ്ടായത്. ചന്ദ്രബാബു നായിഡുവിന്റെ ‘പബ്ലിസിറ്റി മാനിയ’യാണ് ദുരന്തത്തിന് വഴിഴെവച്ചതെന്ന് ജഗൻ ആരോപിച്ചു. അടിയന്തരമായി അദ്ദേഹം പൊതുജനത്തോട് മാപ്പുപറയണമെന്നും ജഗൻ മോഹൻ ആവശ്യപ്പെട്ടു.

‘ചന്ദ്ര ബാബു അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി എട്ടുപേരെ കൊന്നു. ഇത് വളരെ നിന്ദ്യവും ലജ്ജാകരവുമാണ്. ഫോട്ടോ ഷൂട്ടിനു വേണ്ടി, ഒരു ഡ്രോൺ ഷൂട്ടിനു വേണ്ടി കുറച്ച് ആളുകളെ കൂടുതലായി കാണിക്കാൻ ഇടുങ്ങിയ വഴിയിലേക്ക് കയറ്റി വിട്ടു. അവരുടെ വാഹനങ്ങൾ ബാരിക്കേഡു​പോലെ ഉപയോഗിച്ചു. എട്ടുപേരെ കൊന്നു. ഇതിനേക്കാൾ മോശമായ എന്തെങ്കിലും സംഭവമുണ്ടോ?’ -ജഗൻ മോഹൻ റെഡ്ഢി ചോദിച്ചു.

‘2015ൽ ഗോദാവരി പുഷ്കര വേളയിൽ 29 പേരുടെ മരണത്തിനിടയാക്കിയതിനു പിന്നിലും ചന്ദ്ര ബാബു നായിഡുവാണ്. ഇത് അദ്ദേഹത്തിന്റെ ആദ്യ സംഭവമല്ല. അദ്ദേഹം സ്വന്തം പ്രശസ്തി മാത്രമേ ചിന്തിക്കുന്നുള്ളു. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം ടി.ഡി.പി മേധാവി പൊതുജനത്തെ കുറ്റപ്പെടുത്തുകയാണ്. പൊതു റാലികളിൽ പങ്കടുക്കുമ്പോൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം പൊതുജനങ്ങൾക്ക് ക്ലാസെടുക്കുന്നു. മരിച്ചവരുടെ ജാതി പറഞ്ഞതും വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ്’ -ജഗൻ മോഹൻ റെഡ്ഢി കുറ്റപ്പെടുത്തി.

പാർട്ടി പ്രവർത്തകർക്കുണ്ടായ ദുരന്തം ദുഃഖകരമാണെന്നും ഈ സംഭവം തന്നെ വിഷമത്തിലാക്കുന്നുവെന്നും ച​ന്ദ്ര ബാബു നായിഡു പറഞ്ഞിരുന്നു. മരിച്ച എട്ടുപേരുടെയും കുടുംബത്തിന് 24 ലക്ഷം രൂപ വീതം നൽകുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - "Heinous": Andhra Chief Minister Tears Into Rival Over 8 Deaths At Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.