സംസ്കാര ചടങ്ങുകൾക്കായി മാതാവ് ഹീരാബെന്നിന്റെ മൃതദേഹം ചുമലിലെടുത്ത് നീങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ഹീരാബെൻ: എന്നും ലളിത ജീവിതം

അഹ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിന്റെ ജീവിതം എന്നും ലളിതമായിരുന്നു. മോദിയുടെ ജീവിതം രൂപപ്പെടുത്തിയതിലും വളർച്ചയിലും മാതാവ് വഹിച്ച പങ്ക് നിർണായകമായിരുന്നു. അഹ്മദാബാദിന് സമീപത്തെ വഡ്നഗറിൽ മൺകുടിലിൽ ആറ് മക്കളോടൊപ്പം ജീവിക്കുമ്പോഴും മകൻ പ്രധാനമന്ത്രിയായപ്പോഴും ഒരേ രീതിയിൽ ലളിതമായിട്ടായിരുന്നു അവർ ജീവിച്ചത്. വളരെ ചെറുപ്പത്തിൽ മോദി വീട് വിട്ടിറങ്ങിയപ്പോൾ പിതാവ് ദാമോദർദാസ് മുൾചന്ദ് മോദി വിഷമിച്ചപ്പോൾ പിന്തുണച്ചത് ഹീരാബെന്നാണ്.

100 വർഷത്തെ മഹത്തായ യാത്രയാണ് അമ്മയുടെ വിയോഗത്തോടെ അവസാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെ മൂന്ന് ഗുണങ്ങൾ എടുത്തുപറയേണ്ടതാണ്. തപസ്വിയും നിസ്വാർഥ തൊഴിലാളിയും മൂല്യാധിഷ്ഠിത ജീവിതം നയിച്ചയാളുമായിരുന്നു അമ്മയെന്ന് മോദി ട്വീറ്റിൽ പറഞ്ഞു. അമ്മയുടെ നൂറാം ജന്മദിനത്തിൽ സന്ദർശിച്ചപ്പോൾ എന്നും ഉപയോഗിക്കാനായി ഒരു ഉപദേശം തന്നു. ‘തലച്ചോറുപയോഗിച്ച് പ്രവർത്തിച്ച് പരിശുദ്ധിയോടെ ജീവിക്കുക’ എന്നതായിരുന്നു അമ്മയുടെ ഉപദേശം.

അമ്മയെ അഹ്മദാബാദിലെ യു.എൻ മേത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച മോദി സന്ദർശിച്ചിരുന്നു. അന്ന് ഒരു മണിക്കൂറിലധികം അമ്മയോടൊപ്പം ചെലവഴിച്ചു. ഹീരാബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഡൽഹിയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച പുലർച്ച മരണവിവരം അറിഞ്ഞ ഉടൻ ഡൽഹിയിൽനിന്ന് അഹ്മദാബാദിലെത്തുകയായിരുന്നു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് നേതാക്കളായ ശശി തരൂർ, പി. ചിദംബരം തുടങ്ങിയവർ മോദിയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം, 7800 കോടിയുടെ പദ്ധതികളുടെ ശിലാസ്ഥാപനം, കൊൽക്കത്ത മെട്രോയുടെ ദീർഘിപ്പിച്ച പാതയുടെ ഉദ്ഘാടനം എന്നിവക്കായി വെള്ളിയാഴ്ച മോദി ബംഗാളിൽ എത്തേണ്ടതായിരുന്നു. എന്നാൽ, അമ്മയുടെ മരണവിവരം അറിഞ്ഞ് രാവിലെ തന്നെ ഗുജറാത്തിലേക്ക് തിരിച്ചു. രാവിലെ 9.30ന് ഹീരാബെന്നിന്റെ സംസ്കാരം കഴിഞ്ഞതോടെ ഗുജറാത്ത് രാജ്ഭവനിൽനിന്ന് വിഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്തു.

Tags:    
News Summary - Heeraben: Ever Simple Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.