നിറഞ്ഞൊഴുകി ഗംഗയും യമുനയും; മഴയും മണ്ണിടിച്ചിലും ശക്തം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവിധയിടങ്ങളിൽ മഴ ശക്തമായതോടെ മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടിൽ നിന്നും ജലം കൂടുതലായി തുറന്നുവിട്ടതോടെ ദേവപ്രയാഗിൽ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ വിധം ഉയർന്നതായാണ് റിപ്പോർട്ട്. വരുന്ന അഞ്ച് ദിവസം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡെറാഡൂണിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബദ്രിനാഥ് ദേശീയ ഹൈവേ വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ചമോലി ജില്ലയിലെ ജോഷിമഠിൽ നിതി ഘാട്ടിയിൽ ഗിർഥി ഗംഗ നദിയിലേക്ക് അമിതമായി ജലം ഒഴുകിയെത്തിയതോടെ ജോഷിമഠ്-മലരി റോഡിലെ പാലത്തിന്‍റെ കൈവരി തകർന്നിരുന്നു. അതേസമയം സംസ്ഥാനത്തെ പല നദികളും അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. കാളി നദിയിലെ ജലനിരപ്പ് 889 മീറ്ററിലെത്തി. ഗംഗാനദിയിലെ ജലനിരപ്പ് 293.15 മീറ്ററായി. 293 ആണ് പരമാവധി ജലനിരപ്പ്. നദികളിലെ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലുണ്ടായ മഴയിൽ അഞ്ച് പേർ മരണപ്പെട്ടു. ഏഴ് വീടുകൾ പൂർണമായും 201 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. 17 റോഡുകൾക്കും ഒമ്പത് പാലങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.

ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ മഴ കനക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനിടെ 13.2 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വരുപ്പ് പറഞ്ഞു. തിങ്കളാഴ്ച പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴയുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം യമുനാ നദിയിലെ ജലനിരപ്പ് 205.48 മീറ്ററിലെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കം നേരിയ തോതിൽ കുറഞ്ഞിരുന്നെങ്കിലും വൈകുന്നേരം മഴ കനത്തതോടെ ഇത് വീണ്ടും രൂക്ഷമായി.

ഉത്തർപ്രദേശിലും മഴ ശക്തമാകുകയാണ്. പത്ത് പേരാണ് ഇതുവരെ മഴ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്.

Tags:    
News Summary - Heavy rainfall predicted in UP, himachal and Uttarakhand; landslides hits the states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.