ചെന്നൈ: ദിത്വ ചുഴലിക്കാറ്റുമൂലം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. മഴക്കെടുതികളിൽ മൂന്നു പേർ മരിച്ചു. ഞായറാഴ്ച ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിത്വ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാത്രിയോടെ തമിഴ്‌നാടിന് 30 കിലോമീറ്റര്‍ അകലെവെച്ച് ചുഴലിക്കാറ്റിന് ശക്തി ക്ഷയിച്ച് ന്യൂനമർദമായി മാറി ദുര്‍ബലമാവുമെന്നാണ് അധികൃതർ അറിയിച്ചത്.
ചെന്നൈ ഉൾപ്പെടെ തമിഴക വടക്കൻ ജില്ലകളിൽ ശക്തിയേറിയ കാറ്റാണ് വീശിയത്. ആയിരക്കണക്കിന് ഹെക്ടർ കൃഷി നശിച്ചു. കാവേരി ഡെൽറ്റ ജില്ലകളിൽ മാത്രം 56,000 ഹെക്ടർ നെൽകൃഷി നശിച്ചതായി റവന്യൂ മന്ത്രി രാമചന്ദ്രൻ അറിയിച്ചു. നിരവധി വീടുകളിൽ വെള്ളംകയറി. തൂത്തുക്കുടി വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറി.
വേദാരണ്യത്ത് ഉപ്പുപാടങ്ങൾ വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് മൊത്തം ആറായിരം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ ജില്ലകളിൽ ദ്രുതകർമസേനയെ വ്യന്യസിച്ചിരുന്നു.
മയിലാടുതുറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് പ്രതാപും (19) കുംഭകോണത്ത് വീടിന്റെ ചുമർ തകർന്നുവീണ് രേണുകയും (20) മരിച്ചു. തൂത്തുക്കുടിയിലും മഴക്കെടുതികളിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. ചെന്നൈ വിമാനത്തവാളത്തില്‍നിന്നുള്ള 47 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതില്‍ 36 എണ്ണം ആഭ്യന്തര സര്‍വിസും 11 രാജ്യാന്തര സര്‍വിസുകളുമാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.