ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ​; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് കനത്തമഴ മുന്നറിയിപ്പ്. പുതുച്ചേരിയിലും കാരക്കലിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലും വ്യാപകമായ മഴ തുടരുകയാണ്.

ചെന്നൈ, പുതുക്കോട്ടെ, അരിയല്ലുർ, തഞ്ചാവൂർ, ​പെരാമ്പല്ലൂർ, തിരുച്ചിറപ്പള്ളി, സേലം, കള്ളകുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.കടലോര മേഖലയിലെ 25 കിലോമീറ്റർ അടുത്തുവരെ മാത്രം കാറ്റെത്തും. അതിന് ശേഷം ദുർബലമാകും. കാറ്റിന്റെ മധ്യഭാഗം കടലിൽ തന്നെ തുടരും.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശും. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുകയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുടനീളം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 159 കടന്നിരുന്നു. കനത്ത മഴയിൽ വീടുകളും കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനും ഇത് കാരണമായി. ഇതുവരെ 600 ലധികം വീടുകൾ തകർന്നതായി ഉദ്യോഗസ്ഥർ പ്രതികരിച്ചു.

നദികളിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിനുള്ളിൽ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങൾക്ക് വെള്ളപ്പൊക്ക അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. കൊളംബോയും അപകടസാധ്യതയുള്ള പ്രദേശങ്ങളാണ്.

Tags:    
News Summary - Heavy rain alert in tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.