ന്യൂഡൽഹി: വാക്കുകൾക്ക് അതീതമായ ദുരന്തമാണ് അഹ്മദാബാദിൽ വിമാനം തകർന്നുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ ജനവാസ മേഖലയിൽ തകർന്നുവീണത്. 133 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
‘അഹ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണ്. വാക്കുകൾക്കപ്പുറം ഹൃദയഭേദകമാണ്. ഈ ദുഃഖകരമായ സമയത്ത്, എന്റെ മനസ്സ് ദുരന്തത്തിൽ ഉൾപ്പെട്ടവർക്കൊപ്പമാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്’ -മോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍, അഹ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളം പ്രവര്‍ത്തനം നിർത്തിയെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വിമാനങ്ങളും സര്‍വിസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 യു.കെ പൗരന്മാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർചുഗീസുകാരും ഉൾപ്പെടെ 61 വിദേശ പൗരന്മാരാണ് ഉണ്ടായിരുന്നത്. 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം. അപകടത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ വിലയിരുത്തി. അമിത് ഷായും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും അഹ്മദാബാദിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.