ലഖ്നോ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമനാണോ രാഷ്ട്രീയമായത് അതോ വിശ്വാസകിൾ അദ്ദേഹത്തെ രാഷ്ട്രീയമാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും മര്യാദ പുരുഷോത്തമനെന്നറിയപ്പെടുന്ന രാമനെ രാഷ്ട്രീയവുമായി കൂട്ടിച്ചേർക്കാൻ സാധിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“ഒരു കാര്യം എനിക്ക് മനസ്സിലാകുന്നില്ല. ശ്രീരാമനാണോ രാഷ്ട്രീയമായത്, അതോ അദ്ദേഹത്തെ രാഷ്ട്രീയമാക്കുന്നത് അദ്ദേഹത്തിന്റെ ഭക്തരാണോ?. ശ്രീരാമൻ രാഷ്ട്രീയമായോ? രാഷ്ട്രീയമായതിന് ശേഷം അദ്ദേഹം പലതരത്തിലുള്ള ആളുകളെ വ്യത്യസ്ത രീതികളിൽ നോക്കുന്നുണ്ടോ? വ്യത്യസ്ത ആളുകൾക്കായി വ്യത്യസ്തമായ ഭക്തി സംവിധാനങ്ങൾ അവൻ ഉണ്ടാക്കുന്നുണ്ടോ? അവൻ വ്യത്യസ്ത ആളുകളെ വ്യത്യസ്ത രീതികളിൽ അനുഗ്രഹിക്കുന്നുണ്ടോ? മര്യാദ പുരുഷോത്തമൻ എന്നാണ് അദ്ദേഹത്തെ നമ്മൾ പരിഗണിക്കുന്നത്. മര്യാദ പുരുഷോത്തമൻ ആണെങ്കിൽ എങ്ങനെ രാഷ്ട്രീയം അവനുമായി ബന്ധിപ്പിക്കും? ഞങ്ങൾ അതിനെ രാഷ്ട്രീയമായി കാണുന്നുണ്ടോ എന്നത് ഞങ്ങളുടെ കാഴ്ചപ്പാടാണ്,“ അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനം ചരിത്ര സംഭവമാണെന്നും 500 വർഷത്തിന്റെ പോരാട്ടമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും മിശ്ര പറഞ്ഞു. രാമൻ അയോധ്യയ്ക്ക് സ്വന്തമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ആ വിശ്വാസത്തെയാണ് സംരക്ഷിക്കാൻ പോകുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്താകെയുള്ള ഹിന്ദുക്കളുടെ വിശ്വാസമാണ് ചടങ്ങിലൂടെ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കുറിച്ചും മിശ്ര പരാമർശിച്ചിരുന്നു. അയോധ്യ ഭൂമി സംബന്ധിച്ച സുപ്രീം കോടതി വിധി ആരുടെയും തോൽവിയോ ജയമോ അല്ലെന്നും കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അന്ന് മോദി പറഞ്ഞിരുന്നു. ആഘോഷങ്ങൾ ആകാമെങ്കിലും മറ്റു മതസ്ഥരെയോ മറ്റു വിശ്വാസങ്ങൾ പിന്തുടരുകയോ ചെയ്യുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലേക്ക് ആഘോഷങ്ങൾ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ചടങ്ങ് പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ പരിപാടിയാക്കി ബി.ജെ.പിയും ആർ.എസ്.എസും മാറ്റുകയാണ്. അവർ ഇത് തെരഞ്ഞെടുപ്പ് പരിപാടിയാക്കുന്നു. അതിനാൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തങ്ങളുടെ പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.