ബംഗളൂരു: നാഗർഹോളെ കടുവ സങ്കേതത്തിലെ പാതകൾക്ക് പുറമെ, പുറമെ ബന്ദിപ്പുർ വനപാതയിലും കർണാടക വനംവകുപ്പ് ഹരിത ഫീസ് ഈടാക്കിത്തുടങ്ങി. ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിലാണ് ഞായറാഴ്ച മുതൽ ഇരു വശത്തേക്കും പ്രവേശന ഫീസ് ഈടാക്കിയത്. വനപാതയുടെ വികസനത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.
കേരള അതിർത്തിയിൽ മുത്തങ്ങ പിന്നിട്ട് മൂലെഹോളെ ചെക്ക്പോസ്റ്റിലും ഗുണ്ടൽപേട്ട് ഭാഗത്തുനിന്നുള്ള ചെക്ക്പോസ്റ്റായ മദ്ദൂർ ചെക്ക്പോസ്റ്റിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ബന്ദിപ്പുർ വനപാതയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളിൽനിന്നും ഞായറാഴ്ച ഹരിത ഫീസ് ഈടാക്കിയിരുന്നു. എന്നാൽ, നാഗർഹോളെ വനപാതയിൽ നേരത്തേ കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾക്കാണ് പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. വനപാതയിലെ വേഗ പരിധി 30 കിലോമീറ്ററാണെന്നും ടിക്കറ്റ് കൈപ്പറ്റി 50 മിനിറ്റിനകം എതിർഭാഗത്തെ ചെക്ക്പോസ്റ്റ് കടക്കണമെന്നും രസീതിൽ സൂചിപ്പിച്ചിട്ടുണ്ട്. വനമേഖലയിൽ വാഹനം നിർത്തുക, ഫോട്ടോയും വിഡിയോയും പകർത്തുക, മൃഗങ്ങൾക്ക് തീറ്റ നൽകുക, വേഗപരിധി ലംഘിക്കുക തുടങ്ങിയവക്ക് 1000 രൂപ പിഴയീടാക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
പ്രവേശന ഫീസിനായി മൂലെഹോളെ ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞതോടെ വനപാതയിൽ മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ കനത്ത ബ്ലോക്ക് രൂപപ്പെട്ടു. ചരക്കുവാഹനങ്ങൾക്ക് പുറമെ, വിഷു, ഈസ്റ്റർ, പെരുന്നാൾ അവധി കഴിഞ്ഞ് മലയാളികൾ കുടുംബത്തോടെ കർണാടകയിലേക്ക് മടങ്ങുന്നതിന്റെയും മൈസൂരു, ബംഗളൂരു തുടങ്ങിയയിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെയും വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽ കുടുങ്ങി. വനമധ്യത്തിലായതിനാൽ വന്യമൃഗ ആക്രമണ ഭീഷണിക്കിടെയാണ് യാത്രക്കാർ മണിക്കൂറുകളോളം വാഹനങ്ങളിൽ കഴിഞ്ഞത്. ഒടുവിൽ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായതോടെ അൽപനേരത്തേക്ക് വാഹനങ്ങളെ പ്രവേശന ഫീസ് ഈടാക്കാതെയും കടത്തിവിട്ടു. ഹരിത ഫീസ് എന്ന പേരിൽ 20 രൂപയുടെ ടിക്കറ്റിനുവേണ്ടിയാണ് കർണാടക വനംവകുപ്പ് മണിക്കൂറുകളോളം ബ്ലോക്ക് സൃഷ്ടിച്ച് ഇന്ധന നഷ്ടമുണ്ടാക്കിയതെന്ന് ബംഗളൂരുവിലേക്കുള്ള കാർ യാത്രികരായ കെ.എം. സുമേഷ്, വില്ലിസ് ആന്റണി എന്നിവർ പ്രതികരിച്ചു.
ഫെബ്രുവരി ഒന്നു മുതൽ നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലെ കുടക് -മൈസൂർ അതിർത്തിയായ ആനചൗക്കൂർ ചെക്ക്പോസ്റ്റിലും വയനാട്-മൈസൂർ അതിർത്തിയായ ബാവലി ചെക്ക്പോസ്റ്റിലും ഹരിത ഫീസ് ഈടാക്കിത്തുടങ്ങിയിരുന്നു. മാനന്തവാടി-ബാവലി വഴി, ബാവലി-ഹുൻസൂർ വഴി, ബാവലി-കല്ലട്ടി പാതകളിലൂടെ കർണാടകയിലേക്ക് പ്രവേശിക്കുന്നവർ പ്രവേശന ഫീസ് നൽകണം. ചെറുവാഹനങ്ങൾക്ക് 20 രൂപയും ലോറി, ബസ് എന്നിവക്ക് 50 രൂപയുമാണ് ഫീസ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് ബന്ദിപ്പുർ, നാഗർഹോളെ കടുവസങ്കേതങ്ങളിലൂടെ ദിനേന യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.