‘രാജിവെച്ചിട്ടില്ല, ആവശ്യമെങ്കിൽ പദവി ഒഴിയും’; ഒടുവിൽ നിലപാട് വ്യക്തമാക്കി ഹരീഷ് റാവത്ത്

ന്യൂഡൽഹി: പേഴ്സനൽ അസിസ്റ്റന്‍റിന്‍റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ചെന്ന വാർത്തകൾക്ക് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് രംഗത്ത്. പാർട്ടിയിലെ പദവികളൊന്നും രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ റാവത്ത്, അഴിമതിക്കെതിരായ കോൺഗ്രസിന്റെ നിലപാടിന് തിരിച്ചടിയാകുന്ന തരത്തിൽ ഇ.ഡി നടപടികൾ തുടരുകയാണെങ്കിൽ താൻ വഹിക്കുന്ന പദവികളിൽ നിന്ന് ഒഴിയാൻ തയ്യാറാണെന്നും വ്യക്തമാക്കി. റാവത്തിന്റെ പേഴ്സനൽ അസിസ്റ്റന്റ് ചന്ദൻ സിങ് ജീനയുടെ സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രതികരണം.

കോൺഗ്രസ് അംഗത്വം തന്റെ 'രക്തത്തിലും അസ്ഥികളിലും' അലിഞ്ഞുചേർന്നതാണെന്നും അത് തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും മരണശേഷവും അത് തന്നോടൊപ്പം തുടരുമെന്നും റാവത്ത് സാമൂഹ്യമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. ഡെറാഡൂണിൽ ഇ.ഡി നടത്തിയ പരിശോധനകളെ 'കാപട്യം നിറഞ്ഞ കാഴ്ച' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഴിമതിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടത്തെ തന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും നടപടികളാൽ ദുർബലപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റാവത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായി നിലവിൽ പ്രവർത്തിക്കുന്ന ചന്ദൻ സിങ് ജീനയുടെ ഡെറാഡൂണിലെ വസതിയിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി പരിശോധന നടത്തിയത്. 2014 മുതൽ 2017 വരെ റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജീന അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) ആയും പ്രവർത്തിച്ചിരുന്നു.

2016ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ (യു.എസ്.എസ്.എസ്.സി) റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. കോൺഗ്രസിനോടുള്ള തന്റെ പ്രതിബദ്ധത വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് റാവത്ത് പറഞ്ഞു. എന്നാൽ, താനുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം അഴിമതിക്കെതിരായ പാർട്ടിയുടെ പ്രചാരണത്തെ പ്രതികൂലമായി ബാധിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

2027ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും കോൺഗ്രസും സംഘടനാപരമായ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ഹരീഷ് റാവത്ത് ഇതുവരെ ഒമ്പത് തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. അഞ്ച് തവണ എം.പിയായ അദ്ദേഹം 1980, 1984, 1989 വർഷങ്ങളിൽ അൽമോറ മണ്ഡലത്തിൽ നിന്നും 2009ൽ ഹരിദ്വാർ മണ്ഡലത്തിൽ നിന്നുമാണ് ലോക്സഭയിലെത്തിയത്. 2002 മുതൽ 2008 വരെ രാജ്യസഭാംഗമായും പ്രവർത്തിച്ചു.



Tags:    
News Summary - Harish Rawat Reacts To ED Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.