ന്യൂഡൽഹി: വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ജൂനിയർ വിദ്യാർഥികളെ മാനസികമായി ഉപദ്രവിക്കുന്നത് റാഗിങ്ങായി കണക്കാക്കുമെന്ന് യു.ജി.സി. സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും വാട്സ്ആപ് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത് വർധിച്ചുവരികയാണ്. ഇത്തരം പ്രവൃത്തികൾ കണ്ടെത്തിയാൽ റാഗിങ് പരിധിയിൽപ്പെടുത്തി കർശന നടപടി സ്വീകരിക്കണമെന്നും വാട്സ്ആപ് ഗ്രൂപ്പുകൾ നിരീക്ഷിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നിർദേശം നൽകി.
റാഗിങ് ഭീഷണികൾ ഹോസ്റ്റൽ മുറികളിലോ കാമ്പസ് പരിസരത്തോ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് വാട്സ്ആപ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും ഇത് വ്യാപിക്കുന്നു എന്നത് പുതിയ കാലഘട്ടത്തിലെ പ്രധാന വെല്ലുവിളിയാണ്. സീനിയർ വിദ്യാർഥികളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജൂനിയർ വിദ്യാർഥികളെ സാമൂഹികമായി ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവങ്ങളടക്കം യു.ജി.സി ചൂണ്ടിക്കാട്ടി.
മുടി മുറിക്കാൻ നിർബന്ധിക്കുക, ഉറക്കം തടസ്സപ്പെടുത്തുക, വാക്കുകളാൽ അപമാനിക്കുക തുടങ്ങിയ പ്രവൃത്തികൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ഇത് അംഗീകരിക്കാനാവില്ല. റാഗിങ് വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടാൽ, ഗ്രാന്റുകൾ തടഞ്ഞുവെക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. വിദ്യാർഥികളുടെ സുരക്ഷയാണ് പ്രധാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന് മുൻഗണന നൽകണമെന്നും യു.ജി.സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.