ന്യൂഡൽഹി: അമേരിക്ക നേതൃത്വം നൽകുന്ന തന്ത്രപരമായ സഖ്യത്തിൽ ചേർന്നുള്ള പ്രഖ്യാപനം ഒപ്പുവെച്ച് ഇന്ത്യ. നിർണായക ധാതുവിഭവങ്ങളുടെയും നിർമിതബുദ്ധിയുടെയും വിതരണശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ‘പാക്സ് സിലിക്ക’ എന്ന സഖ്യത്തിലാണ് എ.ഐ ഇംപാക്ട് ഉച്ചകോടിയുടെ അനുബന്ധമായി സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യയും ചേർന്നത്. ഇതോടെ എ.ഐ ഉച്ചകോടിക്ക് സമാപനമായി. ഉച്ചകോടിയോടനുബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പ്രദർശനം ഇന്നും തുടരും.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, യു.എസ് സാമ്പത്തിക കാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ്, ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർഗിയോ ഗോർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിർദിഷ്ട വ്യാപാര കരാർ ഒപ്പിടാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് സമ്മർദത്തിലായ ഉഭയകക്ഷി ബന്ധം വീണ്ടും ശക്തിപ്പെടുത്താൻ മറ്റ് നടപടികളും എടുത്തുവരികയാണ്.
പാക്സ് സിലിക്ക സംരംഭത്തിന് തുടക്കം കുറിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ഇന്ത്യയുടെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ രംഗത്തിന് ഈ സഖ്യം വളരെ ഗുണകരമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയിൽ പത്ത് പ്ലാന്റുകളാണ് സ്ഥാപിക്കുക. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആദ്യത്തെ സെമികണ്ടക്ടർ പ്ലാന്റ് താമസിയാതെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങും. സെമികണ്ടക്ടറിന്റെയും ചിപ്പിന്റെയും ഡിസൈൻ ഇന്ത്യയിലാണ് നടക്കുക. പാക്സ് സിലിക്ക ഇന്ത്യയിലെ യുവജനങ്ങൾക്ക് വളരെ നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു.
ഒപ്പുവെച്ച പാക്സ് സിലിക്ക പ്രഖ്യാപനം കടലാസിലുള്ള വെറുമൊരു പ്രഖ്യാപനം അല്ലെന്നും, പരസ്പരം ഗുണകരമാകുന്ന ഭാവിയുടെ രൂപരേഖയാണെന്നും ഹെൽബെർഗ് വിശേഷിപ്പിച്ചു. സാമ്പത്തിക സുരക്ഷയാണ് ദേശീയ സുരക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിച്ച് മുന്നേറുന്നതിന്റെ നേട്ടം പരിധിയില്ലാത്തതാണെന്ന് അംബാസഡർ സെർഗിയോ ഗോർ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.