ഗ്യാൻവാപി: ജില്ല കോടതി ആദ്യം പരിഗണിക്കേണ്ടത് മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ -സുപ്രീംകോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ല കോടതി ആദ്യം പരിഗണിക്കേണ്ടത് പള്ളി കമ്മിറ്റി മുന്നോട്ടുവെച്ച വിഷയമായിരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പള്ളിയുടെ പിൻഭാഗത്തെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന ആവശ്യവുമായി അഞ്ച് ഹിന്ദു സ്ത്രീകളാണ് ആദ്യം സിവിൽ കോടതിയെ സമീപിച്ചത്. എന്നാൽ, ആരാധനാലയങ്ങളിൽ തൽസ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായ ഈ ഹരജി നിലനിൽക്കുന്നതല്ലെന്നും തള്ളണമെന്നുമാണ് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ. ഈ അപേക്ഷക്കാണ് ജില്ല കോടതി മുൻഗണന നൽകേണ്ടത് -സുപ്രീംകോടതി പറഞ്ഞു.

പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന് വിരുദ്ധമാണ് അഞ്ചു സ്ത്രീകളുടെ ഹരജിയെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. സ്ത്രീകളുടെ ഹരജി നിലനിൽക്കുന്നതാണോ എന്ന് പരിശോധിച്ചശേഷം വേണം ഹരജിയിൽ പറയുന്ന ആവശ്യത്തിലേക്ക് കടക്കാൻ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അക്കാര്യം ജില്ല കോടതി ജഡ്ജി തീരുമാനിക്കട്ടെ എന്ന ആദ്യ ഹരജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.

തൽസ്ഥിതി അട്ടിമറിക്കാൻ ആസൂത്രിതമായ കള്ളക്കളി നടന്നുവെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി വാദിച്ചു. സിവിൽ കോടതിയിൽ സ്ത്രീകൾ ഹരജി നൽകിയപ്പോൾ അത്തരമൊരു ഹരജി നിലനിൽക്കുന്നതാണോ എന്ന് നോക്കാതെ മസ്ജിദിൽ പരിശോധനയും ചിത്രീകരണവും നടത്താൻ അഭിഭാഷക കമീഷണറെ നിയോഗിക്കുകയാണ് സിവിൽ കോടതി ആദ്യം ചെയ്തത്. ആ നടപടി തന്നെ തൽസ്ഥിതി തുടരണമെന്ന ആരാധനാലയ നിയമത്തിന് വിരുദ്ധമാണ്. കമീഷണർ നിയമനം കോടതിയുടെ അധികാരപരിധിക്ക് പുറത്താണ്.

കോടതിക്ക് സർവേ റിപ്പോർട്ട് നൽകുന്നതിനു മുമ്പേ, വുദുഖാനയിൽ ശിവലിംഗം കണ്ടുവെന്ന് കമീഷണർ വിളിച്ചുപറഞ്ഞു. ഇതേ തുടർന്ന് ആ സ്ഥലം സംരക്ഷിക്കാൻ ആദ്യ ഹരജിക്കാർ കോടതിയെ സമീപിച്ചു. കമീഷണറുടെ റിപ്പോർട്ടിനുപോലും കാത്തുനിൽക്കാതെ ആ അപേക്ഷ സ്വീകരിച്ച് ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സീൽ ചെയ്യാൻ കോടതി നിർദേശിച്ചു. ഇതിലൂടെ തൽസ്ഥിതി മാറ്റിമറിച്ചു. വുദു എടുക്കാനൂം നമസ്കാരത്തിനും തടസ്സം വന്നു. പൊലീസും ഇരുമ്പുഗേറ്റുമൊക്കെയായി വിശ്വാസികൾക്ക് പള്ളിയിലേക്കുള്ള സുഗമമായ പ്രവേശനത്തിൽ തടസ്സം നേരിട്ടു -ഹുസേഫ അഹ്മദി പറഞ്ഞു.

സിവിൽ കോടതി ജഡ്ജിയുടെ നടപടികളെ ദുരുദ്ദേശ്യപരമായി കാണുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ, സങ്കീർണവും വൈകാരികവുമായ വിഷയം തഴക്കമുള്ള മുതിർന്ന ജഡ്ജിയാണ് കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ട് കേസ് ജില്ല കോടതിയിലേക്ക് മാറ്റുന്നു. കമീഷണർ നിയമനവും സർവേയും ചോദ്യം ചെയ്യുന്ന മസ്ജിദ് കമ്മിറ്റിയുടെ പ്രത്യേകാനുവാദ ഹരജി സുപ്രീംകോടതി വേനലവധിക്ക് ശേഷം പരിഗണിക്കും -ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിശദീകരിച്ചു.

Tags:    
News Summary - Gyanvapi: The District Court should first consider the application of the Masjid Committee - the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.