ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി; 'ശിവലിംഗ'ത്തിൽ പ്രാർഥനാനുമതി തേടിയ ഹരജി നിലനിൽക്കുമെന്ന് കോടതി

ലഖ്നോ: ഗ്യാൻവാപി മസ്ജിദ് കോംപ്ലക്സിനകത്ത് 'ശിവലിംഗം' കണ്ടു എന്ന് പറയുന്ന സ്ഥലത്ത് പ്രാർഥനാനുമതി തേടി വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജിക്കെതിരെ അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി വാരണാസി അതിവേഗ കോടതി തള്ളി. വിശ്വവേദിക് സംഘ് നൽകിയ ഹരജി നിലനിൽക്കുന്നതാണെന്നും കേസ് ഡിസംബർ രണ്ടിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ശിവലിംഗം ഉണ്ടെന്ന് അവകാശപ്പെടുന്നിടത്ത് ആരാധന അനുവദിക്കണമെന്നതിനൊപ്പം മസ്ജിദിനകത്ത് പ്രവേശിക്കുന്നതിൽനിന്ന് മുസ്ലിംകളെ വിലക്കണമെന്നും കോംപ്ലക്സ് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹരജിയിലുണ്ട്. നിലവിൽ ഗ്യാൻവാപി തർക്കത്തിലെ പ്രധാന കേസ് വാരണാസി ജില്ല കോടതി പരിഗണിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ഹരജി പ്രാദേശിക കോടതി കേൾക്കുന്നത്. ഗ്യാൻവാപിയിലെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് നവംബർ 11ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഇനി ഒരു ഉത്തരവുണ്ടാവുന്നതു വരെ ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്തിനുള്ള സുരക്ഷ ജില്ല മജിസ്‌ട്രേറ്റ് ഉറപ്പാക്കാനും കോടതി നിർദേശിച്ചിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് ക്ഷേത്ര കമ്മിറ്റി അവകാശവാദമുന്നയിച്ചതിനെത്തുടർന്ന് സ്ഥലം മുദ്രചെയ്ത ഉത്തരവിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഹിന്ദുത്വ സംഘടനകളുടെ ഹരജി കോടതി പരിഗണിക്കുകയായിരുന്നു.

ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിങ് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസികളായ നാലു സ്ത്രീകൾ നൽകിയ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താനായിരുന്നു കാർബൺ ഡേറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.

Tags:    
News Summary - Gyanvapi Case: UP Court To Hear Plea For Prayers At 'Shivling' At Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.