ഗ്യാനേഷ് കുമാർ
ന്യൂഡൽഹി: കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ കാർമികത്വത്തിൽ വോട്ടുകൊള്ള നടത്തി പശ്ചിമ ബംഗാളിലെയും അസമിലെയും ജനവിധി അട്ടിമറിച്ചെന്ന് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രക്രിയ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിച്ച ബി.ജെ.പി സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട സ്ഥാപനങ്ങളെ ഫലപ്രദമായി ഹൈജാക്ക് ചെയ്തെന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു. ഇപ്പോൾ ശേഷിക്കുന്നത് ജനാധിപത്യമല്ല, പിടിച്ചെടുത്ത് വികൃതമാക്കിയ പുറംതോട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബി.ജെ.പി വൻതോതിൽ ജനവിധി കൊള്ളയടിച്ചു. വോട്ടർ പട്ടികയിൽ കൃത്രിമം കാട്ടിയ അവർ 100ലധികം സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലും കൃത്രിമം കാട്ടി. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഈ അവസരത്തിൽ ഇൻഡ്യ സഖ്യം അസന്നിഗ്‌ധമായി മമത ബാനർജിയോടൊപ്പമാണ് നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ പുറത്തുവന്നത് തെരഞ്ഞെടുപ്പ് ഫലമല്ല, കൃത്രിമമായി ഉണ്ടാക്കിയെടുത്ത ജനവിധിയാണെന്ന തിരിച്ചറിവിൽ ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണ്.
പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിൽ 91 ലക്ഷം വോട്ടർമാരെയാണ് വെട്ടിമാറ്റിയത്. 27 ലക്ഷം പേർ അപ്പീലുമായി ട്രൈബ്യൂണലുകളെ സമീപിച്ചെങ്കിലും അവരുടെ ഭാഗം കേൾക്കുകയെന്ന അടിസ്ഥാന അവകാശം പോലും നിഷേധിക്കപ്പെട്ടു. 50 മണ്ഡലങ്ങളിലെങ്കിലും ജയിച്ചവരുടെ ഭൂരിപക്ഷത്തിലും കൂടുതലാണ് വെട്ടിമാറ്റപ്പെട്ട വോട്ടർമാരുടെ എണ്ണം. അസമിലും പശ്ചിമ ബംഗാളിലും ജനാധിപത്യ പ്രക്രിയ പിടിച്ചെടുക്കപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സ്ഥിതി ഒറ്റപ്പെട്ടതല്ല. മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്‍ട്ര, കർണാടക, ബിഹാർ എന്നിവിടങ്ങളിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നടന്ന തന്ത്രങ്ങളുടെ ആവർത്തനമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ അപ്പാടെ അലങ്കോലമാക്കുന്ന ഈ തന്ത്രം അലോസരപ്പെടുത്തുന്നതാണെന്ന് പവൻ ഖേര അഭിപ്രായപ്പെട്ടു. തങ്ങളെ തൂത്തെറിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി വോട്ടുകൊള്ള ഉൾപ്പെടെയുള്ള കുതന്ത്രങ്ങൾ നടപ്പാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.