ഗ്യാനേഷ് കുമാർ അമിത് ഷാക്കൊപ്പം (ഫയൽ ചിത്രം)

രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണത്തിലെ ഉദ്യോഗസ്ഥ സാന്നിധ്യം, കേരള കേഡറിൽ നിന്നുള്ള ഐ.എ.എസുകാരൻ; ഗ്യാനേഷ് കുമാർ കേന്ദ്രത്തിന്‍റെ വിശ്വസ്തൻ, ആർട്ടിക്കിൾ 370 റദ്ദാക്കിയ നീക്കത്തിലും നിർണായക പങ്ക്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായ ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാറിന്‍റെ വിശ്വസ്തനായ ഉദ്യോഗസ്ഥൻ. രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്, ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയുള്ള പുന:സംഘടന തുടങ്ങിയ അജണ്ടകൾക്ക് പിന്നിൽ ഉദ്യോഗസ്ഥ സാന്നിധ്യമായി ഉണ്ടായിരുന്നത് ഗ്യാനേഷ് കുമാറാണ്. വിരമിച്ചയുടൻ തെരഞ്ഞെടുപ്പ് കമീഷനിൽ അംഗമാക്കിയതും ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാക്കി നിയമിച്ചതുമെല്ലാം പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിനിടയാക്കിയതും കേന്ദ്ര സർക്കാറിനോടുള്ള ഈ വിധേയത്വം കാരണം തന്നെ.

2018 മുതൽ 2021 വരെ ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു കുമാർ. 2019ലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ബിൽ തയാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ഗ്യാനേഷ് കുമാർ. 

 

1988 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ കുമാർ സഹകരണ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായിരിക്കെ 2024 ജനുവരിയിലാണ് വിരമിച്ചത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പ്, ധനകാര്യം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ പാർലമെന്‍ററി കാര്യ സെക്രട്ടറി, ജോയിന്‍റ്​ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്‍റ്​ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തു. 2012 മുതൽ 2016 വരെ ഡൽഹിയിലെ കേരള ഹൗസിൽ റസിഡന്‍റ കമീഷണറായിരുന്നു. യു.പിയിലെ ആഗ്ര സ്വദേശിയായ കുമാർ കാൺപൂർ ഐ.ഐ.ടിയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദവും നേടിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ഗ്യാനേഷ് കുമാർ. ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകള്‍ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇദ്ദേഹം കേന്ദ്ര സഹകരണ വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്താണ് മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ നിയമം കേരളത്തിലെ സഹകരണസ്ഥാപനങ്ങളെ തകര്‍ക്കുമെന്ന് കേരള സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

 

സിവിൽ സർവിസിൽ നിന്ന് വിരമിച്ച് രണ്ട് മാസത്തിനകം 2024 മാർച്ച് 14നാണ്​ ഗ്യാനേഷ്​ കുമാറിനെ കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ്​ കമീഷണറാക്കി നിയമിച്ചത്. രാജീവ് കുമാറായിരുന്നു അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ. ഗ്യാനേഷ്​ കുമാർ ചുമതലയേറ്റ തൊട്ടടുത്ത ദിവസം തന്നെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമീഷനിൽ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് അദ്ദേഹത്തെ പ്രതിപക്ഷത്തിന്‍റെ എതിർപ്പ് വകവെക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാക്കി നിയമിച്ചിരിക്കുന്നതും. 

 

മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ എന്ന നിലയിൽ 2029 ജനുവരി വരെയാണ് ഗ്യാനേഷ് കുമാറിന് കാലാവധിയുണ്ടാവുക. ഇതിനിടയിലുള്ള 20 നിയമസഭ തെരഞ്ഞെടുപ്പുകൾ, 2027ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്, 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് എന്നിവ ഈ കമീഷന്‍റെ നേതൃത്വത്തിലാണ് നടക്കുക.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ തെരഞ്ഞെടുക്കേണ്ട സെലക്ഷന്‍ കമ്മിറ്റിയില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനെതിരായ ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജികളിൽ സുപ്രീംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവെക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം തള്ളിയാണ് ഗ്യാനേഷ് കുമാറിന്‍റെ നിയമനം. അതേസമയം, ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും.

Tags:    
News Summary - Gyanesh Kumar is new CEC: Played key roles in J&K reorganisation, setting up Ram Temple trust

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.