സഹോദരി രണ്ടാംഭാര്യയെന്ന്... വിവാഹമോചനം നേടിയ ഭാര്യക്കെതിരെ ഭർത്താവ് കോടതിയിൽ

ഭോപാൽ: ഭർത്താവിന്റെ സഹോദരിയെ രണ്ടാംഭാര്യയായി ചിത്രീകരിച്ച് വി​വാഹമോചനം നേടിയ ഉത്തരവിനെതിരെ ഭർത്താവ് കോടതിയിൽ. ഭാര്യ ഹാജരാക്കിയ തെറ്റിദ്ധരിപ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഏകപക്ഷീയമായി വിവാഹമോചനം നേടിയെന്ന് കാണിച്ച് ഭർത്താവ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചു. മധ്യപ്രദേശ് ഹൈകോടതിയിലെ ഗ്വാളിയോർ ബെഞ്ച് കേസ് പരിഗണിക്കും.

1998ലായിരുന്നു ഇരുവരുടെയും വിവാഹം. ഗ്വാളിയാർ സ്വദേശിയായിരുന്നു യുവതി. ഭർത്താവ് മാർക്കറ്റിങ് കമ്പനിയിലെ ഓഫിസറും. ജോലിയുടെ ഭാഗമായി ഭർത്താവ് പലപ്പോഴും വീട്ടിൽനിന്ന് മാറിനിൽക്കാറുണ്ടായിരുന്നു. ക്രമേണ ദമ്പതികൾക്കിടയിൽ ഇത് തർക്കത്തിനും വഴക്കിനും കാരണമായി. 2015 മുതൽ സ്ത്രീ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. വിവാഹമോചനം നേടാൻ ശ്രമിച്ചെങ്കിലും ഭർത്താവ് അതിന് തയാറായിരുന്നില്ല.

2021ൽ വിവാഹമോചനം തേടി ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയും ഭർത്താവ് പുനർവിവാഹം ചെയ്തതായി ആരോപിക്കുകയും ചെയ്തു. തെളിവിനായി ഭർത്താവ് സഹോദരിയോടും മറ്റ് ബന്ധുക്കളോടുമൊപ്പം നിൽക്കുന്ന ഒരു കുടുംബ ഫോട്ടോ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഫോട്ടോയിൽ ഭർത്താവിന്റെ അരികിൽ നിൽക്കുന്ന സ്ത്രീ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണെന്നും അവർ അവകാശപ്പെട്ടു. ഈ ഫോട്ടോ തെളിവായി അടിസ്ഥാനമാക്കി കുടുംബ കോടതി അവരുടെ വാദം അംഗീകരിച്ചു. കൂടാതെ ഗ്വാളിയോര്‍ കുടുംബ കോടതി സ്ത്രീക്ക് അനുകൂലമായി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

ഏപ്രിലിൽ ഭർത്താവ് വിവാഹമോചന വിധിയെക്കുറിച്ച് അറിഞ്ഞതോടെയാണ് സംഭവം വിവാദമാകുന്നത്. ഭര്‍ത്താവിന് തന്റെ ഭാഗം അവതരിപ്പിക്കാന്‍ കോടതിയിൽ അവസരം ലഭിച്ചിരുന്നില്ല. മാത്രമല്ല, കോടതി രേഖകൾ പരിശോധിച്ചപ്പോൾ തെളിവായി കുടുംബ ഫോട്ടോ ഉപ​യോഗിച്ചതും അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ചിത്രത്തിൽ രണ്ടാമത്തെ ഭാര്യയായി ചിത്രീകരിച്ച സ്ത്രീ സ്വന്തം സഹോദരിയായിരുന്നു.

ഏകപക്ഷീയ വിവാഹമോചന ഉത്തരവിനെതിരെ ഭർത്താവ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചിന് മുന്നിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ ധർമ്മേന്ദ്ര ശർമ്മ പറഞ്ഞു. ഭാര്യ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹമോചന ഉത്തരവ് നേടിയതെന്നും അതിനാൽ ഉത്തരവ് റദ്ദാക്കണമെന്നും ഭർത്താവ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Gwalior woman gets divorce by falsely naming sister in law as husbands second wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.