ശ്രീനഗർ: ജമ്മുകശ്മീരിൽ സാമൂഹികപ്രവർത്തകന് വെടിയേറ്റു. കുപ്‍വാര ജില്ലയിലാണ് സംഭവം. 45കാരനായ റസൂൽ മാഗ്രായിക്കാണ് വെടിയേറ്റത്. ഇയാളുടെ വയറിനും ഇടതുകൈക്കും വെടിയേറ്റുവെന്നാണ് റിപ്പോർട്ട്. ഇയാളെ ചികിത്സക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.വീടിനുള്ളിൽ വെച്ചാണ് സാമൂഹികപ്രവർത്തകന് വെടിയേറ്റത്. ഇയാളെ ആക്രമിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരർക്കെതിരെ സൈന്യം നടപടി ശക്തമാക്കിയിരുന്നു. ജമ്മു-കശ്മീരിലെ കുപ്‍വാര ജില്ലയിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തു. ഇവിടെനിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
മുഷ്താഖാബാദ് മച്ചിലിലെ സെഡോരി നാലയിലെ വനപ്രദേശത്താണ് സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകർത്തത്. അഞ്ച് എ.കെ-47 തോക്കുകൾ, എട്ട് എ.കെ-47 വെടിമരുന്നുകൾ, കൈത്തോക്ക്, കൈത്തോക്കിനുള്ള വെടിയുണ്ടകൾ, 660 റൗണ്ട് എ.കെ-47 വെടിയുണ്ടകൾ, 50 റൗണ്ട് എം4 വെടിയുണ്ടകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മേഖലയിൽ ഭീകരപ്രവർത്തനം നടത്താൻ തീവ്രവാദികൾ തയാറെടുക്കുന്നുണ്ടെന്ന വിവരം കണക്കിലെടുത്ത് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. സൈന്യം നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.