ഗുൽ പനാഗ്

'ആ പണം ഞങ്ങൾക്ക് വേണ്ട, നിങ്ങളെ പോലെയല്ല, ഞങ്ങൾ വായ്പ കൃത്യമായി അടച്ചു തീർത്തിട്ടുണ്ട്'; പാകിസ്താന് ഐ.എം.എഫ് ധനസഹായം അനുവദിച്ചതിനെ പരിഹസിച്ച് നടി

ന്യൂഡൽഹി: പാകിസ്താന് അന്താരാഷ്ടട്ര നാണ്യനിധിയുടെ(ഐ.എം.എഫ്) ധനസഹായം ലഭിച്ചതിനെ ട്രോളി നടിയും മുൻ മിസ്‍യൂനിവേഴ്സുമായ ഗുൽ പനാഗ്. പാക് മാധ്യമപ്രവത്തകനെ ഉന്നംവെച്ചായിരുന്നു നടിയുടെ പരിഹാസം. പാകിസ്താന്റെ വലിയ പട്ടികയിലേക്ക് മറ്റൊരു വായ്പയും കൂടി ചേർത്തിരിക്കുന്നുവെന്നാണ് നടി എക്സിൽ കുറിച്ചത്.

'ഐ.എം.എഫ് എക്സിക്യുട്ടീവ് ബോർഡ് 100 കോടി ഡോളറിന്റെ( 8500 കോടി ഇന്ത്യൻ രൂപ ) വായ്പ പാകിസ്‍താന് അനുവദിച്ചിരിക്കുകയാണ്. ഐ.എം.എഫ് ധനസഹായം തടയാൻ ഇന്ത്യ ആവുംവിധം ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ അവർ പരാജയപ്പെട്ടതോർക്കുമ്പോൾ സഹതാപം തോന്നുന്നു'വെന്ന് പാക് മാധ്യമപ്രവർത്തകൻ ശഹബാസ് റാണ എക്സിൽ കുറിച്ചിരുന്നു.

ഇതിന് മറുപടിയായാണ് നടിയുടെ കുറിപ്പ്. 'സർ, മറ്റൊരു വായ്പ കൂടി നേടിയെടുക്കാൻ സാധിച്ചതിൽ അഭിനന്ദനം അറിയിക്കുകയാണ്. എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്, ഞങ്ങൾക്ക് ആ പണം ആവശ്യമില്ല. നിങ്ങൾ അർഹിക്കുന്നതാണു താനും. 1993നു ശേഷം ഇന്നുവരെ ഐ.എം.എഫിൽ നിന്ന് ഞങ്ങളൊരു സാമ്പത്തിക സഹായവും സ്വീകരിച്ചിട്ടില്ല. 2000 മേയ് 31നകം ഐ.എം.എഫിലെ എല്ലാ വായ്പകളും തിരിച്ചടച്ചിട്ടുമുണ്ട്.'-എന്നാണ് ഗുൽ പനാഗ് എക്സിൽ കുറിച്ചത്.

അതിർത്തി കടന്നുള്ള ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന പാകിസ്താന് തുടർച്ചയായി തുക അനുവദിക്കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നൽകുമെന്നും ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ വായ്പ അനുവദിച്ച അന്താരാഷ്ടട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) നടപടിയെ നിശിതമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു ബില്യണ്‍ ഡോളറിന്‍റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫിന്‍റെ ഓഫിസ് അവകാശപ്പെട്ടത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി വഴിയാണ് പാകിസ്താന് വായ്പ ലഭിക്കുക. പാകിസ്താന് 2.3 ബില്യൺ യു.എസ് ഡോളറിന്‍റെ വായ്പകൾ നൽകാനുള്ള നീക്കത്തെ ഐ.എം.എഫ് വേദിയില്‍ ഇന്ത്യ എതിര്‍ത്തിരുന്നു. പാകിസ്താന് വായ്പ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐ.എം.എഫ് ബോര്‍ഡിലായിരുന്നു ഇന്ത്യന്‍ എതിര്‍പ്പ്.


Tags:    
News Summary - Gul Panag congratulates Pakistan on another loan from IMF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.