വൽസാദ് (ഗുജറാത്ത്): മോഷ്ടിക്കാൻ കയറിയ കടയിൽ നാട്ടുകാർ പുറത്തുനിന്ന് പൂട്ടിയതോടെ ജീവനിൽ കൊതിയുള്ള കള്ളന്മാർ ഒടുവിൽ പൊലീസിനെത്തന്നെ വിളിച്ചുവരുത്തി 'രക്ഷപ്പെട്ടു'. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ഉമർഗാം താലൂക്കിലുള്ള സഞ്ചാൻ തീരദേശ നഗരത്തിലാണ് സിനിമയെപ്പോലും വെല്ലുന്ന ഈ വിചിത്ര സംഭവം നടന്നത്. ജനക്കൂട്ടത്തിന്റെ തല്ല് പേടിച്ച് 112 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ച പ്രതികൾ ഒടുവിൽ പൊലീസിന് മുന്നിൽ കീഴടങ്ങി.
ഉത്തർപ്രദേശ് സ്വദേശികളും മുംബൈയിൽ താമസക്കാരുമായ ദിനേശ് സോങ്കർ (32), വിപിൻ പഥക് (27) എന്നിവരാണ് ഈ 'അബദ്ധക്കവർച്ച' നടത്തി ഇപ്പോൾ ജയിലിലായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഞ്ചാനിലെ 'ബി.ആർ ജ്വല്ലറി'യുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് ഇരുവരും ഉള്ളിൽ കടന്നത്. ആഭരണങ്ങളും പണവും ബാഗിലാക്കുന്നതിനിടെ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ഇതോടെ ചൂട് കാരണം പുറത്തിറങ്ങിയ സമീപവാസികൾ ജ്വല്ലറിക്കുള്ളിൽ നിന്ന് വിചിത്രമായ ശബ്ദം കേട്ട് ശ്രദ്ധിക്കുകയായിരുന്നു.
കടയുടെ എതിർവശത്ത് താമസിച്ചിരുന്ന ഉടമ മനീഷ് ശർമ്മയുടെ സുഹൃത്ത് ശബ്ദം കേട്ട് ബഹളം വെച്ചതോടെ നാട്ടുകാർ തടിച്ചുകൂടി. അപകടം മണത്ത നാട്ടുകാർ കള്ളന്മാർക്ക് പുറത്തുകടക്കാൻ കഴിയാത്തവിധം കടയുടെ ഷട്ടർ വെളിയിൽ നിന്ന് താഴ്ത്തി പൂട്ടി. കടയുടമയും വൈകാതെ സ്ഥലത്തെത്തി.
പുറത്ത് വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയെന്നും പുറത്തിറങ്ങിയാൽ തല്ലിച്ചതയ്ക്കുമെന്നും ഉറപ്പായതോടെ പ്രതികൾ ഭയന്നുവിറച്ചു. രക്ഷപ്പെടാൻ മറ്റ് വഴികളൊന്നുമില്ലെന്ന് മനസ്സിലായ ദിനേശ് സോങ്കർ ഉടൻ തന്നെ പൊലീസിന്റെ എമർജൻസി ഹെൽപ്പ് ലൈൻ നമ്പറായ 112-ലേക്ക് വിളിക്കുകയായിരുന്നു. "ഞങ്ങൾ ഒരു ജ്വല്ലറിക്കുള്ളിൽ കുടുങ്ങിയിരിക്കുകയാണ്, പുറത്ത് ആളുകൾ വളഞ്ഞിരിക്കുന്നു, ഉടൻ വന്ന് രക്ഷിക്കണം" എന്നായിരുന്നു കള്ളന്റെ കരച്ചിൽ.
ഉമർഗാം പൊലീസ് സ്ഥലത്തേക്ക് തിരിക്കുന്നതിനിടെ, കള്ളന്മാരെ പൂട്ടിയ വിവരമറിയിച്ച് നാട്ടുകാരുടെ വിളിയും പൊലീസിന് ലഭിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി ആഹ്വാനം ചെയ്തതോടെ ഷട്ടർ തുറന്ന് പ്രതികൾ ഭയത്തോടെ പുറത്തുവന്ന് കീഴടങ്ങുകയായിരുന്നു.
കടയുടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 331(4) (രാത്രിയിലെ വീടുപൊളിക്കൽ), 305(a) (കെട്ടിടത്തിനുള്ളിലെ മോഷണം), 54 (കുറ്റകൃത്യത്തിന് സഹായിയായി ഒപ്പം നിൽക്കൽ) എന്നിവ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.