ന്യൂഡൽഹി: 2002ലെ ഗുജറാത്തിലെ ഗോധ്രയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടന്ന കലാപത്തെത്തുടർന്ന് വിവിധ ജില്ലകളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട 14 സാക്ഷികളുടെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ശിപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസിൽ മൊഴിനൽകിയ 14 സാക്ഷികൾക്കും 150 സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ നൽകിയിരുന്നു. അതാണ് ഇപ്പോൾ പിൻവലിച്ചത്.
മഹിസർ ജില്ലയിലെ പണ്ഡർവാഡ ഗ്രാമത്തിൽ താമസിക്കുന്ന 10 പേരും ഇതിൽ ഉൾപ്പെടുന്നു. നാല് സാക്ഷികൾ ദാഹോദ്, പഞ്ച്മഹൽ ജില്ലകളിലെ താമസക്കാരാണ്. ഗോധ്ര കലാപം അന്വേഷിക്കാൻ രൂപീകരിച്ച എസ്.ഐ.ടി 2023 നവംബർ 10ന് 14 സാക്ഷികളുടെ സുരക്ഷ നീക്കം ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. 2009ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്റെ കാലത്താണ് ഈ സാക്ഷികൾക്ക് സുരക്ഷ ഒരുക്കിയത്.
സുരക്ഷ പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും സാക്ഷികൾ പറഞ്ഞു. അതിനിടെ, സാക്ഷികൾക്കുള്ള സുരക്ഷ പിൻവലിച്ചതിൽ ബി.ജെ.പി സർക്കാരിനെ ഗുജറാത്ത് ആം ആദ്മി പാർട്ടി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.