ന്യൂഡൽഹി: പോഷകാഹാര ദൗർലഭ്യം മൂലം തൂക്കക്കുറവുള്ള കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ ഗുജറാത്ത് ആണെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. തൂക്കക്കുറവുള്ള കുഞ്ഞുങ്ങൾ ഏറ്റവും കൂടുതലുള്ള അഞ്ച് ജില്ലകളും ഗുജറാത്തിലാണെന്നും കേന്ദ്ര വനിതാ ശിശുക്ഷേ ക്ഷേമ മന്ത്രി സ്മൃതി ഇറാനി ഡോ. വി ശിവദാസൻ എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി. വളർച്ചാമുരടിപ്പ് ഉള്ള കുഞ്ഞുങ്ങൾ ഏറ്റവും കൂടുതൽ ഉള്ള 10 പിന്നാക്ക ജില്ലകളിൽ മൂന്നും ഉത്തർപ്രദേശിലാണ് എന്നും മന്ത്രി അറിയിച്ചു.
മധ്യ ഗുജറാത്തിലെ ദാഹോഡ്, പഞ്ച് മഹൽ, ദക്ഷിണ ഗുജറാത്തിലെ ദാങ് , താപി , നർമദാ എന്നീ ജില്ലകളിലെ പകുതിയിലധികം കുഞ്ഞുങ്ങളും പോഷകദാരിദ്യം മൂലം തൂക്കക്കുറവ് അനുഭവിക്കുന്നവരാണ്. ദാഹോഡ് (53% ) പഞ്ച് മഹൽ(51.9 %), ദാങ് (53.1 %), താപി(51.8 %) , നർമദാ(52.8 % ) എന്നിങ്ങനെ ആണ് തൂക്കകുറവുള്ള കുട്ടികളുടെ ശതമാനം.
ഉത്തർപ്രദേശിലെ ബഹ്‌രായിച്(52.1%),ബദായൂൻ(51.8% ), സംഭൽ(51.6% )ജില്ലകളിലെ 50 ശതമാനത്തിലധികം കുഞ്ഞുങ്ങളും വളർച്ച മുരടിപ്പ് അനുഭവിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ശരീര ഉയരത്തിനനുസരിച്ച് തൂക്കമില്ലാതെ ശരീര ശോഷണം നേരിടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള 10 ജില്ലകളിൽ മൂന്ന് എണ്ണം ഗുജറാത്തിലും മൂന്ന് എണ്ണം ബിഹാറിലും ആണ് എന്നും കണക്കുകൾ വ്യക്‌തമാക്കുന്നു. ബിഹാറിലെ ശിവ്ഹർ, അർവൽ, ജഹാനാബാദ് ജില്ലകളിലും ഗുജറാത്തിലെ പഞ്ച്മഹൽ, ദാങ്, താപി ജില്ലകളിലും നാല്പത് ശതമാനത്തോളം കുഞ്ഞുങ്ങൾ വെയ്‌സ്റ്റിംഗ് അനുഭവിക്കുന്നു.
ഗുജറാത്ത് മോഡൽ എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മാതൃകയുടെ പൊള്ളത്തരം ആണ് ഇത് തുറന്നു കാണിക്കുന്നതെന്ന് ശിവദാസൻ ചൂണ്ടിക്കാട്ടി. ഈ അവസ്ഥയിലും ഭക്ഷ്യ സബ്സിഡി 80,000 കോടിയോളം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ശിവദാസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.