കുടിവെള്ളം ചോദിച്ച് ഗുജറാത്തിൽനിന്നും മോദിക്ക് 50000 സ്ത്രീകളുടെ കത്ത്

പാലൻപൂർ: രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണണം എന്ന ആവശ്യവുമായി ഗുജറാത്തിലെ 50000 സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നർമ്മദ കമാൻഡ് ഏരിയയുടെ കീഴിൽ ജലസ്രോതസ്സുകൾ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോസ്റ്റ്കാർഡ് അയച്ചത്. ഇതോടെ, വടക്കൻ ഗുജറാത്തിലെ കർമ്മവാദ് തടാകവും മുക്തേശ്വർ അണക്കെട്ടും കൂടുതൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

കർമ്മവാദ് തടാകത്തിലെയും മുക്തേശ്വർ അണക്കെട്ടിലെയും ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് വഡ്ഗാം മണ്ഡലത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രക്ഷോഭത്തിലാണ്. നർമ്മദയിൽ നിന്നുള്ള വെള്ളം ഈ രണ്ട് ജലാശയങ്ങളിലും നിറക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

പ്രദേശത്തെ ജലക്ഷാമം വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയതോടെ വിവിധ പാർട്ടികളിലെ നേതാക്കൾ തമ്മിൽ തർക്കമുണ്ട്. രണ്ട് ജലസംഭരണികളും ജിഗ്നേഷ് മേവാനി എം.എൽ.എയുടെ വദ്ഗാം നിയമസഭാ മണ്ഡലത്തിന് കീഴിലാണ്. ഭരണകക്ഷി നർമ്മദാ ജലത്തിൽ നിന്ന് പ്രദേശത്തെ ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം അടുത്തിടെ ഭരണകക്ഷിയെ ലക്ഷ്യമിട്ട് 'വെള്ളമില്ലാത്തതിനാൽ വോട്ടില്ല' എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു.

ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ തോൽക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് മേവാനി ജലപ്രശ്നം ഉന്നയിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അധ്യക്ഷൻ സി.ആർ പാട്ടീൽ പറഞ്ഞു. മേവാനി നാലര വർഷമായി ഉറങ്ങുകയായിരുന്നോ. എന്തുകൊണ്ടാണ് അദ്ദേഹം വിഷയം നേരത്തെ ഉന്നയിക്കാത്തത് എന്ന ചോദ്യമാണ് പാട്ടീൽ ഉന്നയിച്ചത്.

"ഈ പ്രശ്നം കഴിഞ്ഞ രണ്ട് മൂന്ന് മാസത്തെ പ്രശ്‌നമല്ല. കഴിഞ്ഞ 30 വർഷമായി ഈ പ്രദേശത്തെ ആളുകൾ കരയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും വദ്ഗാം മേഖലയിലെ ജലക്ഷാമത്തെക്കുറിച്ച് നന്നായി അറിയാം. കാരണം അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഈ വിഷയം ഉന്നയിച്ചിരുന്നു'' -കർമവാദ് - മുക്തേശ്വർ ജല ആന്ദോളൻ സമിതി നേതാവ് രമേഷ് പട്ടേൽ പറഞ്ഞു. 125 ഗ്രാമങ്ങളിലെ 50,000 സ്ത്രീകളാണ് എഴുത്തയച്ചത്. 

Tags:    
News Summary - Gujarat: 50K women write postcards to Modi on water shortage issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.