ന്യൂഡൽഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനുള്ള ജി.എസ്.ടി അപ്പലറ്റ് ട്രൈബ്യുണൽ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പ്രായപരിധി ഉയർത്താനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രസിഡന്റിന്റേത് 67ൽനിന്ന് 70 ആയും അംഗങ്ങളുടേത് 65ൽനിന്ന് 67 ആയുമാണ് ഉയർത്തിയത്. പരോക്ഷനികുതിയുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളിൽ 10 വർഷത്തെ പരിചയമുള്ള അഭിഭാഷകന് ജി.എസ്.ടി അപ്പലറ്റ് ട്രൈബ്യുണലിൽ ജുഡീഷ്യൽ അംഗമാകാം. നാലുവർഷമോ പ്രായപരിധി എത്തുന്നതുവരെയോ ആയിരിക്കും ഇവരുടെ കാലാവധി. ബെഞ്ച് പ്രവർത്തനം തുടങ്ങിയാൽ വിവിധ ഹൈകോടതികളിലും സുപ്രീംകോടതികളിലുമുള്ള ജി.എസ്.ടി കേസുകൾ പിൻവലിച്ച് ട്രൈബ്യുണലിനെ സമീപിക്കാമെന്ന് ബിൽ അവതരിപ്പിച്ച ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഡൽഹിയിലെ അനധികൃത കെട്ടിടങ്ങൾക്ക് 2026വരെ നിയമപരിരക്ഷ നൽകാനുള്ള ബിൽ ലോക്സഭ പാസാക്കി. കെട്ടിടങ്ങൾ പൊളിക്കാൻ ഡൽഹി സർക്കാർ നൽകിയ സമയപരിധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് മൂന്നുവർഷം കൂടി ഇളവുനൽകുന്ന ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസാക്കിയത്.ബജറ്റിൽ പ്രഖ്യാപിച്ച കസ്റ്റംസ്, എക്സൈസ് നികുതികളിലെ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന ബില്ലും പാസാക്കി. 1931ലെ പ്രൊവിഷനൽ കലക്ഷൻ ഓഫ് ടാക്സസ് ആക്ടിന് പകരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.