ന്യൂഡൽഹി: കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിർണായക വിധിയുമായി സുപ്രീംകോടതി. ഇ.ഡി അറസ്റ്റ് ചെയ്യുന്ന വ്യക്തികൾക്ക് അറസ്റ്റിനുള്ള കാരണം രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണമെന്ന് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ശത്രുതാമനോഭാവത്തോടെ പെരുമാറരുതെന്നും കോടതി പറഞ്ഞു.
'അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിനുള്ള കാരണം ആ സമയത്ത് തന്നെ രേഖാമൂലം വ്യക്തമാക്കിക്കൊടുക്കണം. ഇതിൽ വീഴ്ചയുണ്ടാവരുത്' -കോടതി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് എംത്രീഎമ്മിന്‍റെ ഉടമകളായ പങ്കജ് ബൻസാലിനെയും ബസന്ത് ബൻസാലിനെയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിനെതിരായ ഹരജിയിലാണ് കോടതി വിധി. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയും വേഗം ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിട്ടു.
അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികളെ അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിച്ചിരുന്നില്ല. ഇ.ഡി ഓഫിസർ വെറുതെ വായിച്ചതുമാത്രം മതിയാകില്ല. കാരണം രേഖാമൂലം തന്നെ ബോധിപ്പിക്കണം -കോടതി പറഞ്ഞു. ഈ കേസിലെ ഇ.ഡി നടപടികൾ ഏജൻസിയുടെ പ്രവർത്തനരീതിയെ തന്നെ മോശമായി പ്രതിഫലിപ്പിക്കുന്നതാണ്.
ഇ.ഡിയുടെ പ്രവർത്തനം സുതാര്യവും സംശുദ്ധവുമാകണം. പ്രതികാരബുദ്ധിയോടെയാവരുതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.