ഗ്രേറ്റ് നിക്കോബാർ പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ പച്ചക്കൊടി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 80,000 കോടി രൂപയുടെ മെഗാ പ്രോജക്റ്റിനെതിരെയുള്ള ഹരജികൾ ദേശീയ ഹരിത ട്രൈബ്യൂണൽ തള്ളി. പദ്ധതിയുടെ പരിസ്ഥിതി അനുമതിയിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ആറംഗ പ്രത്യേക ബെഞ്ചിന്റെ വിധി. ഇന്ത്യയുടെ സുരക്ഷക്കും തന്ത്രപ്രധാന നീക്കങ്ങൾക്കും പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. അന്താരാഷ്ട്ര വ്യാപാര പാതയിലെ സ്ഥാനം രാജ്യത്തിന് വലിയ സാമ്പത്തിക-പ്രതിരോധ നേട്ടങ്ങൾ നൽകും. ഉന്നതാധികാര സമിതി പദ്ധതിയെക്കുറിച്ച് പഠനം നടത്തിയതായും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.

പരിസ്ഥിതികാനുമതി നൽകുന്ന സമയത്ത് നിഷ്കർഷിച്ചിട്ടുള്ള കർശന ഉപാധികൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതരോട് ട്രൈബ്യൂണൽ നിർദേശിച്ചു.

വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതിക്ക് ചില ആഘാതങ്ങൾ ഉണ്ടായേക്കാം, എന്നാൽ അവ ലഘൂകരിക്കാനുള്ള മാർഗങ്ങൾ പദ്ധതിയിൽ ഉണ്ടെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു. അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം, ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം, ടൗൺഷിപ്, 450 മെഗാവാട്ട് ഗ്യാസ്-സോളാർ പവർ പ്ലാന്റ് എന്നിവയുൾപ്പെടുന്ന ബൃഹദ് പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാറിൽ വിഭാവനം ചെയ്തിരിക്കുന്നത്. 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഏകദേശം 130 ചതുരശ്ര കിലോമീറ്റർ വനഭൂമി വകമാറ്റേണ്ടി വരും.

പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ദ്വീപിലെ കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, കടലാമകളുടെ പ്രജനന കേന്ദ്രങ്ങൾ എന്നിവ നശിപ്പിക്കപ്പെടുമെന്നും, ഗോത്രവർഗക്കാരായ ഷോംപെൻ, നിക്കോബറീസ് വിഭാഗങ്ങളുടെ ജീവിതത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഹരജിക്കാർ വാദിച്ചിരുന്നു. തീരദേശ നിയന്ത്രണ മേഖലയിലെ ചട്ടലംഘനങ്ങളും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്തിന്റെ വിശാല താൽപര്യവും പ്രതിരോധ ആവശ്യങ്ങളും മുൻനിർത്തി പദ്ധതിയുമായി മുന്നോട്ട് പോകാൻ ഹരിത ട്രൈബ്യൂണൽ അനുമതി നൽകുകയായിരുന്നു. പദ്ധതിക്ക് 2022 നവംബറിൽ പരിസ്ഥിതി അനുമതിയും, 2022 ഒക്ടോബറിൽ തത്വത്തിലുള്ള വനാനുമതിയും ലഭിച്ചിരുന്നു.

Tags:    
News Summary - Green Tribunal Green Flag for Great Nicobar Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.