ഹുർമുസ് കടലിടുക്ക്

ഹുർമുസിലെ സംഘർഷം: നടുക്കടലിൽ കുടുങ്ങി 7 ഇന്ത്യൻ കപ്പലുകളും 148 നാവികരും

ന്യൂഡൽഹി: ഹുർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതോടെ പേർഷ്യൻ ഗൾഫിൽ കുടുങ്ങിയത് ഏഴ് ഇന്ത്യൻ കപ്പലുകൾ. ഹുർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിയ കപ്പലുകളിൽ 148 ഇന്ത്യൻ നാവികരുമുണ്ട്. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് ഇമാറാത്തി എണ്ണക്കപ്പലുകൾക്ക് നേരെ ചൊവ്വാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ സമുദ്രാതിർത്തിക്കുള്ളിൽ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ കപ്പലുകൾ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. സൈപ്രസ് പതാക വഹിച്ച കണ്ടെയ്നർ കപ്പലായ ‘ജി.എഫ്.എസ് ഗാലക്സി’ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം.ഈ കപ്പലുകൾ തുടർച്ചയായ മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് തങ്ങൾ അവയെ ലക്ഷ്യമിട്ടതെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.

ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെ ആക്രമിക്കുകയും, ഇതിന് മറുപടിയായി ഇറാൻ തിരിച്ചടിക്കുകയും ചെയ്തതോടെ നിരവധി നാവികർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വരെ ഈ സംഘർഷത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 14 ആണ്.

തിങ്കളാഴ്ച വരെയുള്ള ഔദ്യോഗിക റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകളുമായോ ഇന്ത്യൻ ജീവനക്കാരുള്ള വിദേശ കപ്പലുകളുമായോ ബന്ധപ്പെട്ട സംഭവങ്ങളിൽ ഏഴ് സ്ഥിരീകരിച്ച മരണങ്ങളും ഒരാളെ കാണാതായതുമാണ് രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച ‘മൊംബാസ’യിൽ നടന്ന മരണം കൂടി ഇതിലേക്ക് ഉൾപ്പെടുത്തി.

ഇതിന് പുറമെ, കഴിഞ്ഞ മാസം അമേരിക്ക നടത്തിയ ആക്രമണത്തിൽ പലാവു പതാക വഹിച്ച ‘എംടി സെറ്റബെല്ലോ’ എന്ന ടാങ്കറിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.

സംഘർഷം തുടങ്ങിയ മാർച്ച് 1 മുതൽ ഇന്ത്യയിലേക്ക് ചരക്കുമായി 57 കപ്പലുകൾ കടലിടുക്ക് കടന്നുപോയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇതിൽ 21 എണ്ണം ഇന്ത്യൻ പതാക വഹിക്കുന്നവയും 36 എണ്ണം വിദേശ പതാക വഹിക്കുന്നവയുമാണ്.

ഇറാനും അമേരിക്കയും ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ച ജൂൺ 17 വരെയുള്ള മൂന്നര മാസത്തിനുള്ളിൽ 19 കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ തുടർന്നുള്ള 26 ദിവസത്തിനുള്ളിൽ 38 കപ്പലുകൾ കൂടി കടന്നുപോയി.ആകെ 3,918 നാവികരെ ഷിപ്പിങ് കമ്പനികൾ തിങ്കളാഴ്ച വരെ ഒഴിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - 7 Indian vessels with 148 Indian seafarers remain in Persian Gulf: A Strait of Hormuz status check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.