‘സർക്കാറിന്‍റെ മൗനം അസ്വസ്ഥതപ്പെടുത്തുന്നു...’; ചീഫ് ജസ്റ്റിസിനുനേരെ കോടതി മുറിയിൽ നടന്ന അതിക്രമത്തിൽ സഹോദരി

ന്യൂഡൽഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ നടന്ന അതിക്രമത്തിൽ സർക്കാറിന്‍റെ മൗനം അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് അദ്ദേഹത്തിന്‍റെ സഹോദരി കീർത്തി ആർ. അർജുൻ.

തിങ്കളാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകനായ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്. ‘അതിക്രമം ഒരു വ്യക്തിക്ക് നേരെയല്ല, മറിച്ച് പരമോന്നത കോടതിയുടെ പ്രതിനിധിക്ക് നേരെയായിരുന്നു... ഭരണഘടനാ പദവിക്ക് നേരെയാണ് അക്രമം നടന്നത്. എന്നിട്ടും, സർക്കാറിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ഇത് അസ്വസ്ഥതപ്പെടുത്തുന്നതാണ്’ -കീർത്തി പ്രതികരിച്ചു.

വിദ്യാഭ്യാസ വിദഗ്ധയും ശ്രീ ദാദാസാഹേബ് ഗവായി ചാരിറ്റബ്ൾ ട്രസ്റ്റ് പ്രസിഡന്‍റുമാണ് കീർത്തി. ചീഫ് ജസ്റ്റിസിന്‍റെ സഹോദരി ആയതുകൊണ്ടല്ല, യുവ മനസ്സുകളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഉത്തരവാദിയായ ഒരാൾ എന്ന നിലയിൽ കൂടിയാണ് തന്‍റെ ഈ പ്രതികരണമെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. ഏറ്റവും അപലപനീയമായ പ്രവൃത്തിയാണിത്, അത്തരമൊരു നിന്ദ്യമായ പ്രവൃത്തിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ടെന്നും കീർത്തി വ്യക്തമാക്കി.

അതിക്രമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാളും അപലപിച്ചെങ്കിലും മറ്റു കേന്ദ്ര മന്ത്രിമാരൊന്നും പ്രതികരിച്ചിരുന്നില്ല. അതേസമയം, ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തിൽ തനിക്ക് ഒരു ഭയവും കുറ്റബോധവുമില്ലെന്ന് അഭിഭാഷകനായ പ്രതി രാകേഷ് കിഷോർ പറഞ്ഞിരുന്നു. കോടതിക്ക് അകത്തുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തില്ല. ദൈവിക പ്രേരണയിലാണ് ചെയ്തത്. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയാറാണെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പ്രതി പറഞ്ഞു.

സനാതന ധർമവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ, ‘തല പുനഃസ്ഥാപിക്കാൻ പോയി വിഗ്രഹത്തോട് പ്രാർഥിക്കൂ’ എന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചതാണ് തന്നെ വേദനിപ്പിച്ചത്. നൂപുർ ശർമയുടെ കേസ് കോടതിയുടെ പരിഗണനക്ക് വന്നപ്പോൾ, അവർ അന്തരീക്ഷം ദുഷിപ്പിച്ചെന്ന് കോടതി പറഞ്ഞു. സനാതന ധർമവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോൾ സുപ്രീംകോടതി ഇത്തരം പരാമർശങ്ങൾ നടത്തുന്നു. ഹരജിക്കാർക്ക് ആശ്വാസം നൽകിയില്ലെങ്കിലും അവരെ പരിഹസിക്കരുത്. മറ്റു മതവിശ്വാസികളുടെ കേസ് പരിഗണിക്കുമ്പോൾ കോടതി ഇത്തരം പ്രതികരണം നടത്താറില്ലല്ലോ? ഹൽദ്വാനിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഈ കോടതി സ്റ്റേ അനുവദിച്ചപ്പോൾ ഇങ്ങനെ പ്രതികരിച്ചിട്ടില്ല. ഞാൻ ഭയപ്പെടുന്നില്ല, ഖേദിക്കുന്നുമില്ല.

പദവിയിലിരിക്കുമ്പോൾ അതിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. ചീഫ് ജസ്റ്റിസ് ദലിതനാണെന്ന വസ്തുത മുതലെടുക്കുന്നത് ഏകപക്ഷീയമാണ്. അദ്ദേഹം ദലിതനല്ല. ഒരു സനാതന ഹിന്ദുവായിരുന്നു. പിന്നീട്, തന്റെ വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതം പിന്തുടർന്നു. ബുദ്ധമതം പിന്തുടർന്നതിനുശേഷം ഹിന്ദുമതത്തിൽ നിന്ന് പുറത്തുവന്നതായി തോന്നുന്നെങ്കിൽ അദ്ദേഹം ഇപ്പോഴും ദലിതനാകുന്നത് എങ്ങനെയാണെന്നും രാകേഷ് കിഷോർ ചോദിച്ചു.

Tags:    
News Summary - Govt's Silence on Lawyer Throwing Shoe at CJI Is ‘Disturbing’ -Top Judge's Sister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.