സഭയിൽ പെഗസസ്​ വീണ്ടും; രോഷത്തോടെ അമിത്​ ഷാ

ന്യൂഡൽഹി: ഇസ്രായേലിൽ നിന്ന്​ വാങ്ങിയ പെഗസസ്​ ഉപയോഗിച്ച്​ സർക്കാർ ചാരവൃത്തി നടത്തിയെന്ന ആരോപണം വീണ്ടും പാർലമെന്‍റിൽ. വിഷയം ഉന്നയിച്ച കോൺഗ്രസിലെ ഗൗരവ്​ ഗൊഗോയിക്കു നേരെ രോഷം പ്രകടിപ്പിച്ച്​ ആഭ്യന്തര മന്ത്രി അമിത്​ഷാ.

മയക്കു മരുന്ന്​ വിപത്തിനെക്കുറിച്ച ചർച്ചയിലാണ്​ ഗൊഗോയി, പെഗസസ്​ എടുത്തിട്ടത്​. സർക്കാർ വീണ്ടും വീണ്ടും ചാരവൃത്തി നടത്തുകയാണ്​. പ്രതിപക്ഷത്തിന്‍റെയും മാധ്യമ പ്രവർത്തകരുടെയുമൊക്കെ മൊബൈൽ ​ഫോണിൽ പെഗസസ്​ സ്ഥാപിക്കുന്നു. പക്ഷേ, ഈ പെഗസസ് കൊണ്ട്​ എത്ര മയക്കു മരുന്ന്​ മാഫിയയെ പിടികൂടാൻ സർക്കാറിന്​ കഴിഞ്ഞു? -ഗൗരവ്​ ഗൊഗോയി ചോദിച്ചു.

ആരോപണത്തിന്​ തെളിവ്​ നൽകണമെന്ന ആവശ്യവുമായി അമിത്​ ഷാ എഴുന്നേറ്റു. വളരെ ഗുരുതരമായ ആരോപണമാണ്​ ഉന്നയിച്ചിരിക്കുന്നത്​. ഗൗരവപ്പെട്ട വിഷയത്തിൽ ചർച്ച നടക്കുമ്പോൾ വേണ്ടാത്ത രാഷ്ട്രീയം കൊണ്ടുവരരുത്​. അദ്ദേഹത്തിന്‍റെ ഫോണിൽ പെഗസസ്​ സ്ഥാപിച്ചതിന്​ തെളിവ്​ സഭയിൽ വെക്കണം. അതല്ലെങ്കിൽ സഭാ രേഖയിൽ നിന്ന്​ ആ വാക്കുകൾ നീക്കണം.

പെഗസസ്​ നിരീക്ഷണത്തിന്​ ഉപയോഗിച്ചോ ഇല്ലയോ എന്ന്​ സർക്കാറിനോട്​ ചോദിച്ചതിൽ തെറ്റു പറ്റിയിട്ടുണ്ടെന്നാണെങ്കിൽ സ്പീക്കർ അത്തരത്തിലൊരു ഉത്തരവ്​ ഇറക്കട്ടെയെന്നായി ഗൊഗോയി. പെഗസസ്​ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചുവെന്നാണ്​ ഗൊഗോയി പറയുന്നതെന്നും, സുപ്രീംകോടതി ഇക്കാര്യത്തിൽ വിധി പറഞ്ഞതാണെന്നും അമിത്​ഷാ പറഞ്ഞു. സ്വന്തം നേതാവിനെപ്പോലെ തന്നെ വായനയൊന്നുമില്ലെങ്കിൽ എന്തു ചെയ്യാൻ കഴിയും? -അദ്ദേഹം കൂട്ടി​ച്ചേർത്തു.

മതിയായ തെളിവുകളോടെ സംസാരിച്ച്​ സഭയുടെ അന്തസ്​ ഉയർത്തിപ്പിടിക്കാൻ സ്പീക്കർ അഭ്യർഥിച്ചു. ഗൊഗോയ്​ പറഞ്ഞത്​ സഭാ രേഖകളിൽ നിന്ന്​ നീക്കണമെന്ന അമിത്​ഷായുടെ ആവശ്യത്തോട്​ അദ്ദേഹം പ്രതികരിച്ചില്ല

Tags:    
News Summary - Govt used Pegasus on phones says Congress MP, Amit Shah hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.