പാർലമെന്റ് 

മൺസൂൺ സമ്മേളനത്തിന് ഇന്ന് തുടക്കം; നീറ്റ്, ഇന്ധനനയം, രാമക്ഷേത്രക്കൊള്ള... കേന്ദ്രത്തെ വളയാൻ പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. നീറ്റ് ചോദ്യപേപ്പർ ചോർച്ച, സോനം വാങ്ചുക്കിന്റെ നിരാഹാര സമരം, രാമക്ഷേത്ര സംഭാവന തട്ടിപ്പ്, ഇ20 ഇന്ധനനയം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി വിവിധ വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉയർത്തും. നിരവധി വിഷയങ്ങളിൽ സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തുന്നതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമാകും.

കഴിഞ്ഞ ഏപ്രിലിലായിരുന്നു പാർലമെന്റിന്റെ അവസാന സമ്മേളനം. അതിനുശേഷം ഏകദേശം നാലോളം പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള 37 എം.പിമാരെങ്കിലും ​ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ​യിലേക്ക് കൂറുമാറിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, ശിവസേന യു.ബി.ടി എന്നീ പാർട്ടികളിലെ വിമത സാന്നിധ്യമാണ് ഇതിൽ പ്രധാനം.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ) ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവ ഉൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. അതേസമയം, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള നിർണായക ഭരണഘടന ഭേദഗതി ബില്ലുകൾ തൽക്കാലം ഉണ്ടാകില്ല. ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ ഇത്തരം ബില്ലുകൾ മാറ്റിവെക്കുന്നതെന്നാണ് സൂചന.

ഇൻഡ്യ മുന്നണി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ യോഗത്തിൽ സഭക്കകത്തും പുറത്തും സ്വീകരിക്കേണ്ട തന്ത്രം ചർച്ച ചെയ്തിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേട്, പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവക്ക് പുറമെ ജന്തർ മന്തറിൽ നിരാഹാരം സമരം നടത്തിയ സോനം വാങ്ചുക്കിന്റെ വിഷയവും പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം, ഇന്ത്യ മുന്നണി യോഗങ്ങളിൽ ഡി.എം.കെയും ആം ആദ്മി പാർട്ടിയും പ​ങ്കെടുത്തിരുന്നില്ല. ഇത് പ്രതിപക്ഷത്തിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ചും ചർച്ചയായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം കേന്ദ്രം വിളിച്ചുചേർത്ത സർവകക്ഷി​ യോഗത്തിൽ ഇൻഡ്യ മുന്നണിയുടെ വാക്ക് ഔട്ടിൽ ഇരുപാർട്ടികളും പ​ങ്കെടുത്തിരുന്നു. വർഷകാല സമ്മേളനം സമീപകാലത്തെ ഏറ്റവും സംഘർഷഭരിതമായ പാർലമെന്റ് സമ്മേളനങ്ങളിലൊന്നാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags:    
News Summary - Govt Opposition ready for Monsoon session showdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.