കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് ത്രിപുരയിൽ മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു, രക്ഷിക്കാനെത്തിയ കുടുംബത്തെയും മർദിച്ചു
അഗർതല: കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് ത്രിപുരയിൽ മുസ്ലിം കന്നുകാലി വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു. കല്യാൺപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഗ്ബർ ഗ്രാമത്തിലുള്ള ജലീലുർ റഹ്മാനാണ് (46) കൊല്ലപ്പെട്ടത്. ഒരു കർഷകനിൽനിന്ന് വാങ്ങിയ രണ്ടു കന്നുകാലികളുമായി വരുന്നതിനിടെ ബുധനാഴ്ച പുലർച്ചെയാണ് റഹ്മാനെ ജനക്കൂട്ടം ആക്രമിച്ചതെന്ന് കുടുംബം പറയുന്നു.
വാങ്ങിയ കന്നുകാലികളുമായി കർഷകന്‍റെ വീട്ടിൽനിന്ന് വരുന്നതിനിടെ പ്രദേശവാസികളിൽ ചിലർ റഹ്മാനെ മോഷ്ടാവെന്ന് ആരോപിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഹ്മാൻ സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. ജനക്കൂട്ടം മർദിക്കുന്നതിനിടെ റഹ്മാൻ തന്നെയാണ് വിവരം കുടുംബത്തെ വിളിച്ച് അറിയിക്കുന്നത്.
ഭാര്യയും ഭാര്യാപിതാവും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും അവരെയും ആൾക്കൂട്ടം മർദിച്ചു. കല്യാൺപൂർ സ്റ്റേഷനിൽനിന്നുള്ള പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുലർച്ചെ 4.45ഓടെ കന്നുകാലികളുമായി പോകുന്ന റഹ്മാനെ, കന്നുകാലി മോഷ്ടാവെന്ന തെറ്റിധരിച്ച് ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ബൈക്കിലാണ് റഹ്മാൻ കന്നുകാലികളെ വാങ്ങാൻ പോയത്. അനുകുൽ ദേബ്നാഥ് എന്നയാളുടെ വീട്ടിൽ നിന്നാണ് പിന്നീട് മോട്ടോർ സൈക്കിൾ പൊലീസ് കണ്ടെടുത്തത്. ആക്രമണത്തിന് ശേഷം അത് മാർക്കറ്റ് ഏരിയയിലേക്ക് എങ്ങനെ എത്തിയെന്നും ആരാണ് മാറ്റിയതെന്നും കുടുംബം ചോദിക്കുന്നു.
മൊബൈൽ ഫോണുകളും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കാതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ടിപ്ര മോതയുടെ നേതാവ് ഷാ ആലം മിയ അറിയിച്ചു. പൊലീസ് കേസെടുത്തെങ്കിലും പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകളെ കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് റഹ്മാന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.