"ഞങ്ങൾ തല പൊട്ടിച്ചു, പക്ഷെ ജയിലിൽ പോയില്ല!"; സിജെപി പ്രതിഷേധത്തിനിടെ വധശ്രമം നടത്തിയ ഗോരക്ഷകൻ രക്ഷപ്പെട്ടത് മന്ത്രിയുടെ സഹായത്തോടെയെന്ന് വെളിപ്പെടുത്തൽ
ഡൽഹി: ജന്തർമന്തറിൽ കൊക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിനിടയിൽ ദലിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിന്ന് മന്ത്രിയുടെ സഹായത്തോടെ രക്ഷപ്പെട്ടതായി സ്വയംപ്രഖ്യാപിത ഗോരക്ഷകൻ സ്വതന്ത്ര ഭരദ്വാജിന്റെ വെളിപ്പെടുത്തൽ. പ്രമുഖ പോഡ്‌കാസ്റ്റ് അവതാരകയായ നേഹ സിംഗ് റാത്തോറുമായുള്ള അഭിമുഖത്തിലാണ് കൊലപാതകശ്രമത്തിന് ശേഷം താൻ സ്വതന്ത്രമായി വിഹരിച്ചുവെന്ന വിവരം ഭരദ്വാജ് അഭിമാനത്തോടെ പങ്കുവെച്ചത്.
കഴിഞ്ഞ ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടയിലാണ് സിജെപി പ്രവർത്തകയായ നീതുവിന്റെ പിതാവ് സഞ്ജയ് കുമാറിന് ക്രൂര മർദ്ദനമേറ്റത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സഞ്ജയ് കുമാർ മരണത്തോടടുത്ത അവസ്ഥയിലായിരുന്നുവെന്നും തലയിൽ ഏഴ് തുന്നലുകൾ ഉണ്ടായിരുന്നതായും ഭരദ്വാജ് അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഡൽഹി മന്ത്രി കപിൽ മിശ്രയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തനിക്ക് ജയിൽ ശിക്ഷ ഒഴിവായതെന്നും അടുത്ത ദിവസം താൻ നഗരത്തിൽ സ്വതന്ത്രമായി കറങ്ങി നടക്കുകയായിരുന്നുവെന്നും അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. കപിൽ മിശ്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തനിക്ക് ജ്യേഷ്ഠന്മാരെ പോലെയാണെന്നും തനിക്ക് എല്ലായ്പ്പോഴും ഉയർന്ന രാഷ്ട്രീയ പിന്തുണയുണ്ടെന്നും ഭരദ്വാജ് അവകാശപ്പെടുന്നു.
സംഭവത്തിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉയർന്നുവെങ്കിലും ആരോപണങ്ങൾ ഡൽഹി പൊലീസ് ഔദ്യോഗികമായി നിഷേധിച്ചു. പ്രതിഷേധത്തിനിടയിൽ അക്രമികളിൽ ഒരാൾ ധരിച്ചിരുന്ന ലോഹ ബ്രേസ്‌ലെറ്റ് കൊണ്ടാണ് സഞ്ജയ് കുമാറിന് പരിക്കേറ്റതെന്നും, നിയമപരവും സുതാര്യവുമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ശർമ്മ വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പെലീസ് കൂട്ടിച്ചേർത്തു.
എന്നാൽ, പൊലീസിന്റെയും ഭരണകൂടത്തിന്റെയും വാദങ്ങളെ തള്ളി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. കൊലപാതകശ്രമം നടത്തിയ ഒരു കുറ്റവാളിയെ മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് മോചിപ്പിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനപരമായി പ്രതിഷേധിച്ച സാധാരണക്കാരുടെ മേൽ കടുത്ത നടപടികൾ സ്വീകരിക്കുകയും, യഥാർത്ഥ പ്രതിയെ രാഷ്ട്രീയ സ്വാധീനത്തിൽ സംരക്ഷിക്കുകയും ചെയ്ത ഡൽഹി മന്ത്രി കപിൽ മിശ്ര ഉടൻ രാജിവെക്കണമെന്ന് സൗരവ് ദാസ് ആവശ്യപ്പെട്ടു.
അതേസമയം, ഒരു മണിക്കൂർ നീണ്ട ഈ അഭിമുഖത്തിനിടയിൽ നിരവധി വർഗീയ പരാമർശങ്ങളും അധിക്ഷേപ വാക്കുകളും ഭരദ്വാജ് ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണം ഒരു പ്രത്യേക വിഭാഗമാണെന്നും, അവർ രാജ്യം വിട്ടുപോയാൽ എല്ലാത്തരം പ്രശ്നങ്ങളും അവസാനിക്കുമെന്നുമുള്ള തീവ്രമായ വിദ്വേഷ പ്രസ്താവനകളും അഭിമുഖത്തിലുടനീളം അദ്ദേഹം ആവർത്തിച്ചു. ദലിത് യുവാവിന് നേരെ നടന്ന ആക്രമണവും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും ദേശീയതലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.