രാഹുൽ ഗാന്ധി, ഡി.കെ ശിവകുമാർ 

'എഫ്‌ഐആറുകൾ കൊണ്ട് രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാനാവില്ല, 2029 ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തും': ഡി.കെ. ശിവകുമാർ

ബെംഗളൂരു: കള്ളക്കേസുകളും എഫ്‌ഐആറുകളും കൊണ്ട് രാഹുൽ ഗാന്ധിയുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാഹുൽ ഗാന്ധി ജന്മനാ ഒരു പോരാളിയാണെന്നും, നൂറ് കേസുകൾ എടുത്താലും മാപ്പുപറയാനോ കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ മുട്ടുമടക്കാനോ അദ്ദേഹം തയ്യാറാവില്ലെന്നും ശിവകുമാർ വ്യക്തമാക്കി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഉത്തരാഖണ്ഡ് സന്ദർശനത്തിന് പിന്നാലെ നടന്ന 'ശുദ്ധീകരണ' ചടങ്ങിനെ വിമർശിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ എടുത്ത എഫ്‌ഐആറിൽ പ്രതിഷേധിച്ച് ബെംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുടെയും ശബ്ദം അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവരുടെ ഭരണത്തിന്റെ അവസാന നാളുകൾ അടുത്തുകഴിഞ്ഞെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. 2028-ൽ കർണാടകയിലും, 2029-ൽ കേന്ദ്രത്തിലും കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഖാർഗെയുടെ വേദിയിൽ തൊട്ടുകൂടായ്മയ്ക്ക് സമാനമായ ശുദ്ധീകരണ ചടങ്ങ് നടത്തിയതിൽ ബിജെപി രാജ്യമൊട്ടാകെ മാപ്പുപറയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

ഭരണഘടന അനുസരിച്ച് തൊട്ടുകൂടായ്മ ആചരിച്ചവർക്കെതിരെയാണ് കേസെടുക്കേണ്ടിയിരുന്നതെന്നും എന്നാൽ രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് കേന്ദ്രം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിനെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദും ആരോപിച്ചു. ബെംഗളൂരുവിൽ നടന്ന വൻ പ്രതിഷേധ റാലിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

Tags:    
News Summary - 'FIR Can't Silence Rahul; Congress Will Return to Power': Karnataka CM DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.