മുംബൈ: സ്വകാര്യ മെഡിക്കൽ കോളജുകളുടെ അംഗീകാര, പുതുക്കൽ നടപടികളിൽ സ്ഥാപന ഉടമകളും സർക്കാർ ഉന്നതരും സ്വകാര്യ ഇടനിലക്കാരും ചേർന്ന് രാജ്യവ്യാപകമായി നടത്തിവരുന്ന സംഘടിത അഴിമതി സി.ബി.ഐ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് മുൻ യു.ജി.സി അധ്യക്ഷനും നിലവിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്) വൈസ് ചാൻസലറുമായ ഡി.പി. സിങ് ഉൾപ്പെടെ 34 പേർക്കെതിരെ സി.ബി.ഐ കേസെടുത്തു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, നാഷനൽ മെഡിക്കൽ കമീഷൻ ഉദ്യോഗസ്ഥർ, സ്വകാര്യ മെഡിക്കൽ കോളജ് പ്രതിനിധികൾ, ഇടനിലക്കാർ തുടങ്ങിയവരാണ് ആരോപണവിധേയർ. സ്വകാര്യ മെഡിക്കൽ കോളജുകളുടെ യോഗ്യതയുമായി ബന്ധപ്പെട്ട പരിശോധനയുടെ സമയം, അതിനുവരുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ, മേലുദ്യോഗസ്ഥരുടെ രഹസ്യ സ്വഭാവമുള്ള നിർദേശങ്ങൾ എന്നിവ സ്വകാര്യ സ്ഥാപന ഉടമകൾക്ക് ഉദ്യോഗസ്ഥർ ചോർത്തിക്കൊടുക്കുകയും അനുകൂല റിപ്പോർട്ട് നേടാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് ആരോപണം.
പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തുന്ന ദിവസം മുൻകൂട്ടി അറിഞ്ഞ് അന്നേ ദിവസം വ്യാജ അധ്യാപകരെ കൊണ്ടുവന്നും വ്യാജ രോഗികളെ പ്രവേശിപ്പിച്ചും മെഡിക്കൽ കോളജുകൾ തട്ടിപ്പ് നടത്തുന്നു. ഇതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ആരോപിച്ച സി.ബി.ഐ സ്വകാര്യ മെഡിക്കൽ കോളജ് ഉടമകളിൽ നിന്ന് ലഭിക്കുന്ന പണം ഗുഡ്ഗാവിലെ വീരേന്ദ്ര കുമാർ, മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിങ് ബോർഡിലെ മുഴുവൻ സമയ അംഗമായിരുന്ന ജിതുലാൽ മീണ എന്നിവരിലൂടെയാണ് വിതരണം ചെയ്യപ്പെടുന്നതെന്നും പറയുന്നു.
ന്യൂഡൽഹി: ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് മോണ്ടു എം. പട്ടേലിന്റെ ഓഫിസുകളിൽ സി.ബി.ഐ പരിശോധന. ഫാർമസി കോളജുകൾക്ക് അംഗീകാരം നൽകുന്നതിൽ കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യാപക കൈക്കൂലിയും കെടുകാര്യസ്ഥതയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ നേരിട്ടുള്ള സന്ദർശനം നിർബന്ധമായിരുന്നത് 2022 ഡിസംബറിൽ മോണ്ടു പട്ടേൽ എടുത്തുകളഞ്ഞിരുന്നു. പകരം വിഡിയോ കോൺഫറൻസ് വഴി ഓൺലൈൻ പരിശോധനയാക്കിയത് വൻതോതിൽ കൈക്കൂലിക്ക് വഴിയൊരുക്കി. അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങൾ പോലും പണം നൽകി അംഗീകാരം നേടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.