മംഗലാപുരം: പള്ളിപ്പുറത്ത് പിടികിട്ടാപുള്ളിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. പള്ളിപ്പുറം പുതുവൽ ഭാഗത്തെ നാല് വീടുകളിലാണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഈ സംഘമെത്തിയത്. മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം പ്രദേശത്തെ നാല് വീടുകളിൽ കയറി വധഭീഷണി മുഴക്കി. പണവും സ്വർണവും ചോദിച്ച് സത്രീകളുടെയും കുട്ടികളുടെയും കഴുത്തിൽ കത്തിവെച്ചായിരുന്നു ഭീഷണി.
രാത്രി 12.30 ഓടുകൂടി പള്ളിപ്പുറം പുതുവലിൽ മനാഫിന്‍റെ വീട്ടിലെത്തിയ സംഘം പൊലീസ് എന്ന് പറഞ്ഞാണ് വാതിലിൽ മുട്ടിയത്. തുടർന്ന് വാതിൽ തുറന്ന മനാഫിന്‍റെ ഉമ്മ റംല ബീവിയെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അൻപതിനായിരം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ മനാഫിനെ കൊല്ലുമെന്ന് പറഞ്ഞു. മനാഫ് ഇല്ലെന്ന് പറഞ്ഞപ്പോൾ വീടിനുള്ളിൽ കയറി പരിശോധിച്ചാണ് അക്രമി സംഘം മടങ്ങിയത്. തുടർന്ന് 100 മീറ്റർ മാറി താമസിക്കുന്ന കെ.എസ്.യു അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്‍റെ നൗഫലിന്‍റെ വീടിലെത്തിയ സംഘം ഭീഷണിയും തെറിവിളിയും മുൻവാതിൽ ചവിട്ടി പൊളിക്കാനുള്ള ശ്രമവും നടത്തി മടങ്ങിപ്പോയി.
കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പള്ളിപ്പുറം സ്വദേശി ഷാനു എന്ന ഷാനവാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയത്. മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറം ടെക്ക്നോ സിറ്റിക്ക് സമീപം വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയാണ് ഷാനവാസ്. അക്രമണങ്ങളും മറ്റും നടത്തിയ ശേഷം ഒളിവിൽ പോകുന്ന ഷാനു കോടതിയിൽ കീഴടങ്ങുകയാണ് പതിവ്.
കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ജയിൽ നിന്നിറങ്ങിയ ഷാനവാസ്, പള്ളിപ്പുറത്തെ മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് ഒളിവിൽ പോയ ഷാനുവിനെ ഇതുവരെ പിടികൂടാൻ മംഗലപുരം പൊലീസിന് കഴിഞ്ഞില്ല. ഷാനു ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ എല്ലാ ദിവസവും ഇയാൾ പ്രദേശത്ത് ഉള്ളതായി നാട്ടുകാർ പറഞ്ഞു.
മംഗലാപുരം സ്റ്റേഷനിലെ ചില പൊലീസുകാരുമായുള്ള ബന്ധം കാരണമാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ന ആരോപണമുണ്ട്. ഒളിവിലിരുന്ന് ഇടക്ക് സ്ഥലത്തെത്തി ആക്രമണം നടത്തുന്നതിനാൽ പൊലീസിൽ പരാതിപ്പെടാൻ ആരും തയാറാകാറില്ല. റംല ബീവിയുടെയും നൗഫലിന്‍റെയും പരാതിയിൽ മംഗലാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.