ചെന്നൈ: മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസ് പ്രതിയുമായ നിത്യാനന്ദക്ക് തിരിച്ചടി. മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി. ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
തിരുവെട്ടിയൂരിലെ സോമനാഥ സ്വാമി ക്ഷേത്രവും മഠവും അടക്കം മൂന്ന് മഠങ്ങളുടെ അധിപതിയായി തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു നിത്യാനന്ദയുടെ ആവശ്യം. കൂടാതെ, മുൻ മഠാധിപതി തന്നെ പുതിയ മഠാധിപതിയായി നിർദേശിച്ചതാണെന്നും നിത്യാനന്ദ പറയുന്നു. അതിനാൽ മഠാധിപതിയായി പ്രഖ്യാപിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈകോടതിയെ നിത്യാനന്ദ സമീപിച്ചത്.
ഹരജി പരിഗണിച്ച സിംഗ്ൾ ബെഞ്ച് നിത്യാനന്ദയെ രൂക്ഷമായി വിമർശിക്കുകയും ആവശ്യം തള്ളുകയും ചെയ്യുകയുണ്ടായി. ഇതിനെതിരെയാണ് നിത്യാനന്ദ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
നിത്യാനന്ദ ഇന്ത്യയിലില്ലെന്നും മറ്റേതൊ സ്ഥലത്താണുള്ളതെന്നും ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, അവിടെ ഇരുന്ന് ഇയാൾ എങ്ങനെ മഠങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തുമെന്നും ചോദിച്ചു. തുടർന്ന് ഹരജി തള്ളുന്നതായി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ബലാത്സംഗം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ നിത്യാനന്ദ 2019ലാണ് നേപ്പാൾ വഴി ഇന്ത്യയിൽ നിന്ന് കടന്നുകളയുന്നത്. ഇക്വഡോറിന് അടുത്തുള്ള ഒരു സ്ഥലത്ത് 'കൈലാസം' എന്ന സാങ്കൽപിക രാജ്യം സ്ഥാപിച്ച് അവിടെയാണ് നിത്യാനന്ദ നിലവിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.