മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കില്ല. ആകെ 40 മണ്ഡലങ്ങളിൽ 38ലും മത്സരിക്കുന്ന പാർട്ടി ബെനൗലിം, നുവേം എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത്. രണ്ടിടത്തും ബി.ജെ.പി ജയിക്കാറില്ല. കഴിഞ്ഞ തവണ നുവേമിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച വിൽഫ്രഡ് ഡിസൂസ പിന്നീട് ബി.ജെ.പിയിലേക്ക് കാലുമാറി.
ചർച്ചിൽ അലെമാവൊയാണ് ബെനൗലിം സിറ്റിങ് എം.എൽ.എ. എൻ.സി.പി ടിക്കറ്റിൽ ജയിച്ച അദ്ദേഹം ഇത്തവണ തൃണമൂലിലാണ്. 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബി.ജെ.പി ഞായറാഴ്ച പ്രഖ്യാപിച്ചേക്കും.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ബി.ജെ.പി ഗോവയുടെ ചുമതല നൽകിയിരിക്കുന്നത്. അതേസമയം, കാൽ നൂറ്റാണ്ടോളം മനോഹർ പരീക്കർ ജയിച്ച പനാജി മണ്ഡലത്തിൽ ടിക്കറ്റ് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ ഉത്പൽ പരീക്കർ രംഗത്തിറങ്ങിയത് ബി.ജെ.പിക്ക് തലവേദനയായി.
അറ്റനാസിയൊ മോൻസെരട്ടെയാണ് സിറ്റിങ് എം.എൽ.എ. പരീക്കറുടെ നിര്യാണത്തെ തുടർന്ന് 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മോൻസെരട്ടെ പിന്നീട് മറ്റ് ഒമ്പത് കോൺഗ്രസ് എം.എൽ.എമാരെയും കൂട്ടി ബി.ജെ.പിയിൽ ചേരുകയായിരുന്നു.
പനാജിയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനുള്ള നീക്കത്തിലാണ് മോൻസെരട്ടെ. ക്രിമിനൽ കേസുകളുള്ള മോൻസെരട്ടെ മത്സരിച്ചാൽ നോക്കിനിൽക്കില്ലെന്നാണ് ഉത്പലിന്റെ പ്രസ്താവന. പരീക്കറുടെ മകനായതുകൊണ്ട് ഉത്പലിന് ടിക്കറ്റ് നൽകാനാകില്ലെന്ന നിലപാടിലാണ് ഫഡ്നാവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.